scorecardresearch
Latest News

പട്ടേല്‍ സമുദായത്തിന് സംവരണം; കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് ഹര്‍ദിക് പട്ടേൽ

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് സംവരണക്കാര്യത്തില്‍ പട്ടേലിന്റെ ആവശ്യം

പട്ടേല്‍ സമുദായത്തിന് സംവരണം; കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് ഹര്‍ദിക് പട്ടേൽ

അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിനുള്ള സംവരണം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹര്‍ദിക് പട്ടേല്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് സംവരണക്കാര്യത്തില്‍ പട്ടേലിന്റെ ആവശ്യം.

ഗുജറാത്തില്‍ അടുത്ത മാസം മൂന്നിന് സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി പട്ടേല്‍ അവകാശ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസിനാണ് തെരഞ്ഞടുപ്പില്‍ പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണയുണ്ടാവുക എന്ന് പിന്നീട് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ദിക് തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് മുന്നില്‍ പുതിയ ആവശ്യം വച്ചിരിക്കുന്നത്.

അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തിന് സര്‍ക്കാര്‍ ജോലികളില്‍ ഒബിസി സംവരണം കോണ്‍ഗ്രസ് ഉറപ്പ് നല്‍യിട്ടുണ്ട്. പക്ഷേ ഭരണഘടനാപരമായി ഇത് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഏത് തരത്തിലാണ് പ്രവര്‍ത്തിക്കുക എന്ന് അറിയേണ്ടതുണ്ടെന്ന് ഹര്‍ദിക് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ള പിന്തുണക്കാര്യത്തില്‍ മറ്റു തടസ്സങ്ങളിലെന്നും ഹര്‍ദിക് വ്യക്തമാക്കി.

അതിനിടെ പടയ്ടേലിനെ പൂട്ടാൻ ഗുജറാത്ത് സർക്കാർ ശ്രമിച്ചിരുന്നു. ഹാർദിക് പട്ടേലിനെതിരെ രണ്ട് വര്‍ഷം പഴക്കമുളള കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. 2015 ജൂലൈ 24ന് ഗുജറാത്തിലെ മെഹസാന ജില്ലയില്‍ നടന്ന റാലിക്ക് പിന്നാലെ നടന്ന കലാപത്തില്‍ ഉള്‍പ്പെട്ടെന്ന് കാട്ടിയാണ് വാറണ്ട്. റാലി സംഘടിപ്പിച്ച പട്ടേല്‍ പാര്‍ട്ടിക്കെതിരേയും സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പിനെതിരേയും കേസെടുത്തിരുന്നു. ഹാർദിക് പട്ടേലിനു പുറമേ ചില പട്ടിദാർ നേതാക്കൾക്കും ലാൽജി പട്ടേലിനുമെതിരെയും അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ahead of rahul gandhis visit hardik patel sets a deadline for congress