ന്യൂഡൽഹി: ഏകദേശം ഒൻപതു മാസങ്ങൾക്കുശേഷം തന്റെ ലോക്‌സഭ മണ്ഡലമായ റായ് ബറേലിയിൽ സോണിയ ഗാന്ധി സന്ദർശനത്തിനായി എത്തുമ്പോൾ പ്രവർത്തകരെല്ലാം ആകാംക്ഷയിലാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സോണിയ റായ് ബറേലിയിൽനിന്നും മത്സരിക്കുമോയെന്ന ചോദ്യം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉയർന്നിട്ടുണ്ട്. സോണിയ മത്സരിച്ചില്ലെങ്കിൽ പകരം ആരായിരിക്കും എന്ന മറുചോദ്യവും പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്.

ബുധനാഴ്ച ആയിരിക്കും രണ്ടു ദിവസത്തെ സന്ദർശനത്തിനായി സോണിയ റായ് ബറേലിയിൽ എത്തുക. ആരോഗ്യ പ്രശ്നങ്ങളാൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ വളരെ ചുരുക്കം തവണ മാത്രമേ സോണിയ ഇവിടെ എത്തിയിട്ടുള്ളൂ, ഏകദേശം ഒന്നര വർഷത്തിനു മുൻപായിരുന്നു സോണിയ അവസാനമായി റായ് ബറേലിയിൽ എത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി റായ് ബറേലിയിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും ബിജെപി നേതാക്കൾ കൂടുതൽ ശ്രദ്ധ വച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസത്തിനിടെ നിരവധി തവണയാണ് ബിജെപി നേതാക്കൾ രണ്ടു മണ്ഡലങ്ങളിലും സന്ദർശനം നടത്തിയത്. ഈ സാഹചര്യത്തിലാണ് സോണിയയുടെ വരവ്.

സോണിയക്ക് ഒപ്പം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എത്തുന്നുണ്ട്. രാഹുലും അമ്മ സോണിയയും ഒരുമിച്ചായിരിക്കും ഫർസത്ഗഞ്ചിൽ വിമാനമിറങ്ങുക. ഇരുവരും ഒരേ ഗെസ്റ്റ് ഹൗസിലായിരിക്കും താമസം. അവിടെ വച്ച് ഇരുവരും തങ്ങളുടെ മണ്ഡലങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

”ജനുവരി 23 ന് തന്റെ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികൾ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. അതിനുശേഷം റായ് ബറേലിയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലേക്ക് മടങ്ങും മുൻപ് ജനുവരി 24 ന് ഭുവേമാവു ഗസ്റ്റ് ഹൗസിൽ വച്ച് ജനങ്ങളുമായി സംവദിക്കും,” റായ് ബറേലിയിലെ കോൺഗ്രസ് സിറ്റി പ്രസിഡന്റ് സെയ്ദുൽ ഹസൻ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ സഖ്യകക്ഷികളായ എസ്‌പി, ബിഎസ്‌പി മത്സരിക്കുന്ന സീറ്റുകൾക്കു പുറമേയാണിത്. അതേസമയം, റായ് ബറേലിയിൽ സോണിയ മത്സരിച്ചില്ലെങ്കിൽ പകരക്കാരിയാവുന്നത് പ്രിയങ്ക ഗാന്ധി ആയിരിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പാർട്ടി പ്രവർത്തകരെന്നാണ് വൃത്തങ്ങൾ പറയുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സോണിയ റായ് ബറേലിയിൽ എത്തിയപ്പോൾ ഒപ്പം പ്രിയങ്കയും ഉണ്ടായിരുന്നു.

”റായ് ബറേലിയിൽനിന്നും മത്സരിക്കുന്നത് ആരായിരിക്കും എന്നറിയാൻ പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. സോണിയയുമായുള്ള കൂടിക്കാഴ്ചയക്കുശേഷം ഇക്കാര്യത്തിൽ ഒരു വ്യക്ത വരുമെന്നാണ് കരുതുന്നത്. സോണിയ ആയിരിക്കും ഇവിടെനിന്നും മത്സരിക്കുകയെന്നാണ് ഇപ്പോഴും ഞങ്ങളുടെ പ്രതീക്ഷ,” കോൺഗ്രസ് ജില്ലാ നേതാവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook