ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സെഷന് മുന്നോടിയായി പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യപ്പെട്ട് പ്രധാനമന്തി നരേന്ദ്ര മോദി. ഈ പാർലമെന്റ് സമ്മേളന കാലം ഏറ്റവും ഉൽപ്പാദനക്ഷമമാകണമെന്നാണ് നരേന്ദ്ര മോദി അഭ്യർത്ഥിച്ചത്.

നാളെ ആരംഭിച്ച് ഓഗസ്റ്റ് പത്ത് വരെയാണ് ഈ പാർലമെന്റ് സമ്മേളന കാലം. പാർലമെന്റിനകത്ത് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

സമാധാനപൂർണ്ണമായ സമ്മേളന കാലം ഉറപ്പുനൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ തങ്ങളുയർത്തിയ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷം പറഞ്ഞു.

“ദേശീയ താത്പര്യം മുൻനിർത്തിയുളള ചർച്ചകളാവും പാർലമെന്റിൽ ഇക്കുറിയുണ്ടാവുകയെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്,” കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഈ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടുതൽ കാര്യക്ഷമമായ ചർച്ചകൾക്കാണ് ഈ പാർലമെന്റ് കാലത്ത് പ്രാധാന്യം നൽകുന്നതെന്ന് യോഗത്തിൽ മനസ്സിലായതായി മന്ത്രി വിശദീകരിച്ചു.

എന്നാൽ കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് തെലുങ്കുദേശം പാർട്ടി. ഇതിന് മറ്റ് പ്രതിപക്ഷ കക്ഷികളും പിന്തുണ നൽകുകയാണെങ്കിൽ അത് ഈ പാർലമെന്റ് സമ്മേളന കാലത്തെയും പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook