/indian-express-malayalam/media/media_files/uploads/2020/11/congress-bjp.jpg)
അഹമ്മദാബാദ്: ഗുജറാത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്നോടിയായി, ബിജെപിക്കെതിരെ വൻ കോഴ ആരോപണവുമായി സംസ്ഥാനത്തെ കോൺഗ്രസ്. മുൻ പാർട്ടി എംഎൽഎ സോമാഭായ് പട്ടേലിനും മറ്റ് ചില മുൻ നിയമസഭാംഗങ്ങൾക്കും പാർട്ടിയിൽ നിന്ന് രാജിവയ്ക്കാനായി ബിജെപി പത്ത് കോടി രൂപ നൽകി എന്ന അവകാശവാദവുമായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് തെളിവായി, സോമഭായ് പട്ടേൽ തന്നെ ഇക്കാര്യം സമ്മതിക്കുന്ന ഒരു സ്റ്റിങ് ഓപ്പറേഷൻ വീഡിയോയും കോൺഗ്രസ് പുറത്തുവിട്ടു.
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ഉദ്ദേശമെന്ന് ആരോപിച്ച് ബിജെപി ഈ വാദം നിരസിച്ചു. ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി, മാർച്ചിൽ പട്ടേൽ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു.
Read More: ബിജെപി റാലിയിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിച്ച് സിന്ധ്യ; പരിഹസിച്ച് കോൺഗ്രസ്
അഹമ്മദാബാദിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.
വീഡിയോയിൽ, മുൻ കോൺഗ്രസ് നേതാവും ലിംബി നിയോജകമണ്ഡലത്തിലെ (സുരേന്ദ്രനഗർ ജില്ല) നിയമസഭാംഗവുമായ പട്ടേൽ മറ്റൊരു വ്യക്തിയുമായി ഹിന്ദിയിൽ സംസാരിക്കുന്നത് കാണാം.
മുഖ്യമന്ത്രി വിജയ് രൂപാനി, സംസ്ഥാന ബിജെപി പ്രസിഡന്റ് സി ആർ പാട്ടീൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ നിർദേശപ്രകാരം അടുത്തിടെ സീറ്റ് രാജിവച്ച ഏഴു കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 10 കോടി രൂപ വീതം നൽകിയെന്ന് പട്ടേൽ പറയുന്നു.
എന്നാൽ ഇന്ത്യൻ എക്‌സ്‌പ്രസിന് വീഡിയോ ക്ലിപ്പിന്റെ ആധികാരികത സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
ഈ വർഷം ആദ്യം എട്ട് കോൺഗ്രസ് എംഎൽഎമാർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഗുജറാത്തിലെ എട്ട് വിധാൻസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 3 ന് നടക്കും. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ച് പേരെയാണ് പാർട്ടിയുടെ ടിക്കറ്റിൽ ബിജെപി നിർത്തിയിരിക്കുന്നത്.
“കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. മാർച്ചിൽ സോമാഭായ് എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെച്ചു, അതേസമയം ജൂലൈയിൽ സംസ്ഥാന ബിജെപി പ്രസിഡന്റ് സ്ഥാനം ഞാൻ ഏറ്റെടുത്തു. സോമാഭായിയുമായി ഫോണിലോ വ്യക്തിപരമായോ ഞാൻ സംസാരിച്ചിട്ടില്ല,” സൂറത്തിൽ നടന്ന പത്രസമ്മേളനത്തിൽ ആരോപണം നിഷേധിച്ച സംസ്ഥാന ബിജെപി പ്രസിഡന്റ് സി ആർ പാട്ടീൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.