ന്യൂഡൽഹി: അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നേതാക്കൾക്കും കേഡർമാർക്കും പെരുമാറ്റച്ചട്ടവുമായി ബിജെപി നേതൃത്വം. വിധി പുറപ്പെടുവിച്ച ശേഷം പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കാണമെന്ന് ബിജെപി നിർദേശം നൽകി.

വിധിപ്രസ്താവത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും പ്രതികരണങ്ങൾ പുറത്തുവരുന്നതുവരെ ആരും പ്രസ്താവന നടത്തരുതെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകാൻ പാർട്ടി മേഖലാ യോഗങ്ങൾ നടത്തി.

തിങ്കളാഴ്ച ദേശീയ തലസ്ഥാനത്ത് വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി ജനറൽ സെക്രട്ടറിമാർ പങ്കെടുത്തു. പെരുമാറ്റച്ചട്ടം ചർച്ച ചെയ്യുന്നതിനായി തെക്കൻ മേഖലയ്ക്ക് വേണ്ടി ബെംഗളൂരുവിലും കിഴക്കൻ പ്രദേശത്തിന് കൊൽക്കത്തയിലും പടിഞ്ഞാറൻ മേഖലയ്ക്ക് മുംബൈയിലും പാർട്ടി യോഗം ചേർന്നു.

“വിധി ദിവസത്തിൽ നേതാക്കൾക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേതാക്കളാരും ഇതിനെക്കുറിച്ച് അഭിപ്രായം പറയരുത്. ഉത്തരവ് വന്നതിനുശേഷം പ്രധാനമന്ത്രി ആദ്യം പ്രസ്താവന നടത്തും. മന്ത്രിമാർ നിർദ്ദേശം ലഭിക്കുന്നതുവരെ കാത്തിരിക്കണം. പാർട്ടി പക്ഷത്തുനിന്ന് ബിജെപി പ്രസിഡന്റായിരിക്കും ആദ്യ പ്രതികരണം നടത്തുക,”ഒരു മുതിർന്ന നേതാവ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17നാണ് വിരമിക്കുന്നതിന്. ഇതിന് മുമ്പായി അയോധ്യ തർക്കഭൂമി കേസിൽ വിധി പ്രതീക്ഷിക്കുന്നുണ്ട്.

Read More: മൻ കി ബാത്തിൽ അയോധ്യ കേസിലെ വിധി പരാമർശിച്ച് നരേന്ദ്ര മോദി

അയോധ്യ വിധി സംബന്ധിച്ച് നേതാക്കളുടെ പെരുമാറ്റം മൂലം വിമർശനങ്ങൾ ക്ഷണിച്ചു വരുത്താൻ ബിജെപി ആഗ്രഹിക്കാത്തതിനാൽ എല്ലാ സംസ്ഥാനങ്ങൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “ഉത്തരവാദിത്തത്തോടെ പെരുമാറുക എന്നതാണ് സന്ദേശം,” ഒരു നേതാവ് പറഞ്ഞു. “കാരണം ഇത് ഒരു ജുഡീഷ്യൽ കാര്യവും നിയമപരമായ വിധിയുമാണ്. ഇത് ഒരു ജനക്കൂട്ടം ഏറ്റെടുക്കേണ്ട ഒന്നല്ല,”അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന പാർട്ടിയായതിനാൽ, “കാര്യങ്ങൾ കൈവിട്ടുപോയാൽ” ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബിജെപി നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ വിഷയത്തിൽ അന്താരാഷ്ട്ര ശ്രദ്ധയെക്കുറിച്ചും നേതൃത്വത്തിന് അറിയാം.

വിധി വന്നതിന് ശേഷം ശാന്തമായിരിക്കാൻ ആർ‌എസ്‌എസ് നേരത്തെ കേഡർമാരോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 10 നും 20 നും ഇടയിൽ ഷെഡ്യൂൾ ചെയ്തിരുന്ന ആർ‌എസ്‌എസിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും നിരവധി പരിപാടികൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു, നേതാക്കൾ അവരുടെ ആസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടു.

“എല്ലാവരും തുറന്ന മനസ്സോടെ” സുപ്രീം കോടതി വിധി അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച ആർ‌എസ്‌എസ് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.

ഒക്ടോബർ 27 ന് തന്റെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ കേസിലെ വിധി പരാമർശിച്ച് പരാമർശിക്കുകയുണ്ടായി. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിയെക്കുറിച്ചുായിരുന്നു മോദിയുടെ പരാമർശം.
”2010 സെപ്റ്റംബർ അയോധ്യ ഭൂമിതർക്ക കേസിൽ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. വിധി വരുന്നതിന് മുമ്പ് അനാവശ്യ പ്രസ്‍താവനകള്‍ നടത്തി ചിലര്‍ മുതലെടുപ്പിന് ശ്രമിച്ചു. എന്നാൽ കോടതി വിധി വന്നപ്പോൾ എല്ലാവരും അംഗീകരിച്ചു. അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ജുഡീഷ്യറിയെ ഏവരും ബഹുമാനിച്ചതിന്റെ ഫലമാണിത്. ഈ കാര്യങ്ങൾ നമ്മൾ ഓർമിക്കണം. അവ നമുക്ക് ശക്തി നൽകും” എന്നായിരുന്നു മോദി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook