ബംഗളൂരു: കർണാടകയിലെ ഭരണം തിരിച്ച് പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ബിജെപിയുടെ തന്ത്രങ്ങൾ ഫലം കണ്ടിട്ടില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും പ്രീപോൾ സർവേഫലം. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് ‘സീഫോർ’ നടത്തിയ സർവേയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ മാസം 19നും ഈമാസം 10നുമിടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സർവേ നടത്തിയത്.

225 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 120 മുതല്‍ 132 വരെ സീറ്റുകള്‍ ലഭിക്കാം. ബിജെപിക്ക് 60 മുതല്‍ 72 സീറ്റുകള്‍ വരെയെ ലഭിക്കുകയുള്ളൂ. ജനതാദള്‍ എസ് 24 മുതല്‍ 30 സീറ്റ് വരെ നേടാം എന്നാണ് സര്‍വേ ഫലം. ചെറുകക്ഷികള്‍ക്ക് ഒന്നു മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കാം.

സർവേയിൽ പങ്കെടുത്ത 46 ശതമാനം പേരും സിദ്ദരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും 53 ശതമാനം പേരും നിലവിലെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരാണെന്നും സർവേ പറയുന്നു. തിരഞ്ഞെടുപ്പിൽ ചർച്ചയായേക്കാവുന്ന വിവിധ വിഷയങ്ങളും തങ്ങൾ സർവേയിൽ പരിഗണിച്ചെന്നും സീഫോർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook