ലക്നൗ: ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദയനീയത വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി പുറത്ത്. ആഗ്ര സര്‍വ്വകലാശാല പുറത്തുവിട്ട ബിരുദ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റില്‍ സല്‍മാന്‍ ഖാന്റെ ചിത്രമാണ് നല്‍കിയത്. ആഗ്രാ സര്‍വ്വകലാശാലയുടെ ബിരുദധാന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

17028700***** എന്ന റോള്‍ നമ്പറിലുളള മാര്‍ക്ക് ഷീറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. തോജ്പൂര്‍ ജാവയിലെ അമൃത സിംഗ് മെമ്മോറിയല്‍ ഡിഗ്രി കോളേജില്‍ നിന്നും ബിഎയ്ക്ക് 35 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റിലാണ് ഫോട്ടോയുടെ സ്ഥാനത്ത് സല്‍മാന്‍ ഖാന്റെ ചിത്രം പതിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പേരിന്റെ അവസാനം ‘ഖാന്‍’ എന്ന് കൂടി ഉളളത് കണ്ടാണ് സല്‍മാന്റെ ചിത്രം കൊടുത്തതെന്ന് വ്യക്തമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും മുമ്പ് സര്‍വ്വകലാശാല അധികൃതര്‍ പരിശോധിക്കുമ്പാഴാണ് വീഴ്ച്ച ശ്രദ്ധയില്‍ പെട്ടത്.

അതേസമയം മറ്റൊരു മാര്‍ക്ക് ഷീറ്റില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് ഉളളതെന്ന് സര്‍വ്വകലാശാലയില്‍ നിന്നുളള ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മറ്റ് മാര്‍ക്ക് ഷീറ്റുകളില്‍ കുട്ടികളുടെ പേരുകളും തെറ്റായാണ് അച്ചടിച്ച് വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പേരിന്റെ സ്ഥാനത്ത് സര്‍വ്വകലാശാലയുടെ പേരാണ് നല്‍കിയിരിക്കുന്നത്. മാര്‍ക്ക് ഷീറ്റകുള്‍ അച്ചടിക്കാന്‍ പൊതുവെ സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിക്കുന്നത്. അശ്രദ്ധ മൂലം ഇവര്‍ക്ക് പറ്റിയ വീഴ്ച്ചയാണിതെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ വിശദീകരണം.

സംഭവം പുറത്തുവന്നതോടെ മുഴുവന്‍ മാര്‍ക്ക് ഷീറ്റുകളും പിന്‍വലിക്കാന്‍ സര്‍വ്വകലാശാല ഉത്തരവിട്ടു. ആഗ്ര യൂണിവേഴ്സിറ്റിയുടെ കീഴില്‍ 7.2 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിവിധ കോളേജുകളിലായി പഠിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ