ലക്‌നൗ: ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന നിയമ വിദ്യാർത്ഥി അറസ്റ്റിൽ. ആഗ്രയിലെ സെന്റ് ജോൺസ് കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയും 22 കാരനുമായ ഹരീഷ് കുമാർ ഠാക്കൂറാണ് അറസ്റ്റിലായത്.

ശനിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. കോളേജിനു പുറത്ത് ഫുട്പാത്തിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. കുട്ടിക്ക് സമീപത്തായി പിതാവും കിടക്കുന്നുണ്ടായിരുന്നു. ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് പെൺകുട്ടിയെ കാണുകയും അതിനുശേഷം പെൺകുട്ടിയെ തന്റെ തോളിലെടുത്ത് കോളേജിനകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

കോളേജിന്റെ മതിലിനു സമീപം എത്തുന്നതുവരെ പെൺകുട്ടി നല്ല ഉറക്കത്തിലായിരുന്നു. ഹരീഷ് കുട്ടിയെയും കൊണ്ട് മതിൽ ചാടാൻ തുടങ്ങുമ്പോൾ പെൺകുട്ടി ഉണർന്നു. നിലവിളിച്ചപ്പോൾ ഹരീഷ് പെൺകുട്ടിയുടെ വായ് പൊത്തിപ്പിടിച്ചു. അതിനുശേഷം പെൺകുട്ടിയെ മതിലിനു മുകളിലൂടെ താഴേക്ക് എടുത്തിടുകയും ബലാൽസംഗം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തു.- ഹരിപർവട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് ചന്ദ്ര ഗൗതം പറഞ്ഞു.

ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം ക്യാംപസിനകത്ത് കോളേജ് അധികൃതർ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽനിന്നുമാണ് ഹരീഷ് ആണ് പ്രതിയെന്ന് മനസ്സിലായത്. പെൺകുട്ടിയെ തോളിലെടുത്ത് ഇയാൾ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽനിന്നും ലഭിച്ചു. അറസ്റ്റിലായ ഇയാളെ ജയിലിലാക്കി. ഇയാൾക്ക് ക്രിമിനൽ റെക്കോർഡുകൾ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook