ന്യൂഡല്‍ഹി: ക്രമീകരിച്ച മൊത്തവരുമാന (എജിആര്‍) കുടിശിക അടയ്ക്കുന്ന കാര്യത്തില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുമായി ടെലികോം വകുപ്പ്. ഇന്നു രാത്രി 11.59 നകം കുടിശിക അടയ്ക്കണമെന്നു വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ കമ്പനികള്‍ക്ക് വകുപ്പ് അന്ത്യശാസനം നല്‍കി. സുപ്രീം കോടതിയുടെ നിശിത വിമര്‍ശനത്തിന്റെ ചൂടാറും മുന്‍പാണ് ഈ അടിയന്തര നടപടിയുണ്ടായിരിക്കുന്നത്.

ടെലികോം കമ്പനികളില്‍നിന്ന് എജിആര്‍ കുടിശിക ഈടാക്കണമെന്ന ഉത്തരവ് പാലിക്കാത്തതില്‍ നിശിത വിമര്‍ശനമാണു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഇന്ന് ഉയര്‍ത്തിയത്. എജിആര്‍ തുകയായ 1.47 ലക്ഷം കോടി രൂപ അടുത്ത വാദം കേള്‍ക്കല്‍ തീയതിയായ മാര്‍ച്ച് 17നു മുന്‍പ് അടയ്ക്കാന്‍ ഉത്തരവിട്ട ബഞ്ച് ടെലികോം കമ്പനികള്‍ക്കു കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Also Read: ജപ്പാൻ കപ്പലിലുളള ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ടെലികോം ഓപ്പറേറ്റര്‍മാര്‍ ലൈസന്‍സ് ഫീസും സ്‌പെക്ട്രം ചാര്‍ജുകളും റവന്യൂ ഓഹരിയായി കേന്ദ്രസര്‍ക്കാരിനു നല്‍കണം. ഈ വരുമാന ഓഹരി ഉപയോഗിച്ച് കണക്കാക്കുന്ന തുകയെയാണ് എജിആര്‍ എന്ന് വിളിക്കുന്നത്. ലൈസന്‍സ് ഫീ ഇനത്തില്‍ 92,642 കോടി രൂപയും കോടിരൂപ സ്പെക്ട്രം യൂസേജ് ചാര്‍ജ് ഇനത്തില്‍ 55,054 കോടിയുമാണു കമ്പനികള്‍ നല്‍കാനുള്ളത്. വോഡഫോണ്‍ ഐഡിയ 53,000 കോടി രൂപയും ഭാരതി എയര്‍ടെല്‍ 35,500 കോടി രൂപയും പ്രവര്‍ത്തനമവസാനിപ്പിച്ച ടാറ്റ ടെലി സര്‍വീസസ് 14,000 കോടി രൂപയും എജിആര്‍ കുടിശികയായി നല്‍കാനുണ്ട്.

അതിനിടെ, ടെലികോം കമ്പനികള്‍ക്കു സര്‍ക്കിള്‍ അല്ലെങ്കില്‍ സോണ്‍ തിരിച്ചുള്ള ഡിമാന്‍ഡ് നോട്ടീസ് നല്‍കുന്ന നടപടി ടെലികോം വകുപ്പ് ആരംഭിച്ചു. 10,000 കോടി രൂപ ഫെബ്രുവരി 20 നകവും ബാക്കി സുപ്രീം കോടതിയില്‍ അടുത്ത വാദം കേള്‍ക്കുന്നതിനും മുന്‍പും നല്‍കാമെന്ന് ഭാരതി എയര്‍ടെല്‍ കത്ത് മുഖേനെ അറിയിച്ചു. നിയമപരമായ കുടിശിക ഈടാക്കുന്ന കാര്യത്തില്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ടെലികോം വകുപ്പ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ ഈ ഉത്തരവ് പിന്‍വലിച്ചു.

Also Read: ഒമര്‍ അബ്ദുള്ളയുടെ തടങ്കൽ: അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

കുടിശിക ഈടാക്കുന്നതു സംബന്ധിച്ച ഉത്തരവിനെതിരെ പ്രവര്‍ത്തിച്ച ടെലി കമ്യൂണിക്കേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനെതിരെ കടുത്ത വിമര്‍ശനമാണു കോടതി ഇന്ന് ഉയര്‍ത്തിയത്. കുടിശിക അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നടപടിയെടുക്കരുതെന്ന്ാ ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനും മറ്റു ഭരണഘടനാ അധികാരികള്‍ക്കും കത്തെഴുതിയ ഉദ്യോഗസ്ഥനെ ജസ്റ്റിസ് മിശ്ര നിശിതമായി വിമര്‍ശിച്ചു. എജിയോടുള്ള ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന വൈകുന്നേരത്തോടെ പിന്‍വലിക്കണമെന്നും അത് പരാജയപ്പെട്ടാല്‍ ജയിലിലേക്ക് അയയ്ക്കപ്പെടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

”ആരാണ് ഈ അസംബന്ധം സൃഷ്ടിക്കുന്നതെന്നു ഞങ്ങള്‍ക്കറിയില്ല. ഈ രാജ്യത്തു നിയമം നിലനില്‍ക്കുന്നില്ലേ?,” എന്നാണു കോടതി ഇന്നു ചോദിച്ചത്. ഇരു ടെലികോം കമ്പനികള്‍ക്കുമെതിരേ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ച സുപ്രീംകോടതി കമ്പനി മേധാവികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. അടുത്ത വാദം കേള്‍ക്കല്‍ തീയതിയായ മാര്‍ച്ച് 17നു ഹാജരാവാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

” എജിആര്‍ കേസില്‍ പുനപരിശോധനാ ഹര്‍ജി ഞങ്ങള്‍ തള്ളിയതാണ്. എന്നാല്‍ ഒരു രൂപ പോലും അടച്ചിട്ടില്ല. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളുടെ മനസാക്ഷിയെ ഉലയ്ക്കുന്നു. അടുത്ത വാദം കേള്‍ക്കലിനു മുന്‍പ് പണം അടയ്ക്കണം. കമ്പനികള്‍ക്ക് ഇത് അവസാന അവസരമാണ്. എല്ലാ തരത്തിലുള്ള അഴിമതികളും അവസാനിപ്പിക്കപ്പെടണം,” ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook