ന്യൂഡൽഹി: അഗ്നിവീർ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളിൽ മാറ്റം വരുത്തി സൈന്യം. സേനകളിൽ അഗ്നിവീർ ആകാൻ ആദ്യം ഉദ്യോഗാർഥികൾ കോമൺ എൻട്രൻസ് എക്സാമിനേഷൻ (CEE) ജയിക്കണം. ഇതിനുശേഷമാണ് റിക്രൂട്മെന്റ് റാലികളിലെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകളിൽ പങ്കെടുക്കാൻ സാധിക്കുക.
സേനകളിൽ അഗ്നിവീർ ആകാൻ അവസരമൊരുക്കുന്ന അഗ്നിവീർ റിക്രൂട്മെന്റിന്റെ മൂന്നു നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന പരസ്യം സേന പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾ പാസാകുന്നവർക്കായിരുന്നു എഴുത്തു പരീക്ഷ.
ഇതുവരെ 19,000 അഗ്നിവീർ സൈന്യത്തിൽ ചേർന്നു, 21,000 പേർ മാർച്ച് ആദ്യവാരം സേനയിൽ ചേരും. 2023-24 ലെ അടുത്ത റിക്രൂട്ട്‌മെന്റ് പദ്ധതിയിൽ കരസേനയിൽ ചേരാൻ ആഗ്രഹിക്കുന്ന 40,000 ഉദ്യോഗാർത്ഥികൾക്ക് പുതിയ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ ബാധകമാകും.
റിക്രൂട്ട്‌മെന്റ് റാലികളിൽ വരുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ ചെലവും ലോജിസ്റ്റിക് സംവിധാനങ്ങളും കണക്കിലെടുത്താണ് റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ മാറ്റം വരുത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥർ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. റാലികളിൽ ക്രമസമാധാന പ്രശ്‌നം പരിഹരിക്കാൻ ധാരാളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതുണ്ട്. മാത്രമല്ല, നിരവധി മെഡിക്കൽ സ്റ്റാഫും ആവശ്യമുണ്ട്. നിലവിലെ ഈ മാറ്റം റാലികളിൽ സംഘടിപ്പിക്കുന്നതിനു വേണ്ടിവരുന്ന ഭാരിച്ച ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.