/indian-express-malayalam/media/media_files/uploads/2022/12/indian-army-1200-1.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയിലെ 'അഗ്‌നിവീര്‍'മാരുടെയും സാധാരണ ശിപായിമാരുടെയും ജോലിയുടെ സ്വഭാവം ഒന്നുതന്നെയാണെങ്കില്‍ വ്യത്യസ്ത ശമ്പള സ്‌കെയില്‍ എന്തിനെന്ന് ഡല്‍ഹി ഹൈക്കോടതി. സായുധ സേനയുടെ സാധാരണ കേഡറില്‍ നിന്ന് വ്യത്യസ്തമായ കേഡറാണ് 'അഗ്‌നിവീര്‍' എന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അഗ്‌നിവീര്‍മാരുടെ ഉത്തരവാദിത്വം ശിപായിക്ക് തുല്യമാണെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് വ്യത്യസ്ത വേതനം നല്‍കാന്‍ കഴിയുകയെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ സത്യവാങ്മൂലത്തില്‍ നല്‍കാനും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് ഹാജരായത്. 'അഗ്‌നിവീര്‍' കേഡര്‍ സ്ഥിര നിയമനമല്ലാത്തതിനാല്‍ അവരുടെ നിബന്ധനകളും വ്യവസ്ഥകളും ഉത്തരവാദിത്തങ്ങളും ശിപായികളില്‍ നിന്ന് വ്യത്യസ്തമാണെന്നും ഐശ്വര്യ ഭട്ടി വ്യക്തമാക്കി. അഗ്‌നിവീര്‍ കേഡര്‍ ഒരു പ്രത്യേക നിയമനമാണ്. ഈ നിയമനത്തെ സ്ഥിര നിയമനമായി കണക്കാക്കാന്‍ കഴിയില്ല. നാല് വര്‍ഷ സേവനത്തിന് ശേഷം ഇവര്‍ യോഗ്യരെന്ന് കണ്ടാല്‍ അവര്‍ സ്ഥിരനിയമനത്തില്‍ വരുമെന്നും കേന്ദ്രം അറിയിച്ചു. അഗ്‌നിപഥ് പദ്ധതിക്ക് എതിരായ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഓഫീസര്‍മാരുടെ തസ്തികയ്ക്ക് താഴെ സൈനിക തലത്തില്‍ സായുധ സേനയില്‍ ചേരാനുള്ള ഏക മാര്‍ഗം അഗ്‌നിവീര്‍ മാത്രമാണെന്നും മെഡിക്കല്‍ വിഭാഗത്തെ മാത്രമേ അതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളൂവെന്നും കേന്ദ്രം പറഞ്ഞു. ഇന്ത്യന്‍ സായുധ സേന ലോകത്തിലെ ഏറ്റവും പ്രൊഫഷണല്‍ സായുധ സേനയാണെന്നും ഇത്തരം വലിയ നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വലിയ ഇളവ് നല്‍കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആന്തരികവും ബാഹ്യവുമായ നിരവധി കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിയെന്നും കേന്ദ്രം അറിയിച്ചു. അഗ്‌നിപഥ് പദ്ധതിയെ നേരിട്ട് ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ വാദം കേട്ട ബെഞ്ച് സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയകളെക്കുറിച്ചുള്ള ഹര്‍ജികളില്‍ വ്യാഴാഴ്ച വാദം കേള്‍ക്കുന്നത് തുടരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.