scorecardresearch
Latest News

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി: ‘ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് 4 വർഷത്തെ രാജ്യ സേവനമാണ്’

”നാലു വർഷമാണെങ്കിലും എന്റെ പിതാവിന് ഇപ്പോൾ എന്റെ പിന്തുണ വേണം. മറ്റൊരാളുടെ പാടത്ത് പണിയെടുക്കുന്ന കർഷകനായ എന്റെ പിതാവിന് മാസം 10,000 രൂപയാണ് കിട്ടുന്നത്. ഞങ്ങൾക്ക് സ്വന്തമായി കൃഷി ഭൂമിയില്ല. ഇവിടെ മറ്റു ജോലികൾ ഒന്നുമില്ല, പിന്നെ സൈന്യമായാൽ എന്താണ്”

അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി: ‘ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് 4 വർഷത്തെ രാജ്യ സേവനമാണ്’

ലുധിയാന: ”ഇന്ത്യൻ ആർമിയിൽ ചേരുക എന്നത് എന്റെ സ്വപ്‌നമാണ്. അത് വെറും നാല് വർഷത്തേക്ക് എന്നത് കാര്യമാക്കുന്നില്ല. യൂണിഫോം ധരിക്കുന്നതിലൂടെ എന്റെ രാജ്യത്തെ സേവിക്കുന്നുവെന്ന സന്തോഷം അനുഭവിക്കണമെന്നു മാത്രം,” സായുധ സേനകൾക്കായി പുതുതായി ആരംഭിച്ച അഗ്നിപഥ് പദ്ധതി പ്രകാരം ലുധിയാനയിൽ നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയിൽ ഫിസിക്കൽ ടെസ്റ്റ് പാസായ ബിരുദധാരിയായ ഇരുപത്തിരണ്ടുകാരൻ ലവ്പ്രീത് സിങ് പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി സേനയിൽ ചേരുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ലവ്പ്രീത് പറഞ്ഞു.

പുതിയ അഗ്നിപഥ് പദ്ധതിക്കെതിരെ പഞ്ചാബ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ പ്രതിഷേധം ഉടലെടുത്തിരുന്നു. അതിനുശേഷം രണ്ടു മാസം കഴിഞ്ഞാണ് സംസ്ഥാനത്ത് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഓഗസ്റ്റ് 10 ന് തുടങ്ങിയ 10 ദിവസം നീണ്ടുനിൽക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ ലുധിയാന, രൂപ്നഗർ, മൊഹാലി, മോഗ എന്നീ നാലു ജില്ലകളിൽനിന്നായി 15,000 ത്തോളം പേർ ആർമി റിക്രൂട്ട്മെന്റ് ഓഫിസിൽ (ARO) രജിസ്റ്റർ ചെയ്തിട്ടുണ്ട്.

”ലുധിയാന എആർഒയുടെ കീഴിൽ വരുന്ന നാല് ജില്ലകളിൽ നിന്ന് ഞങ്ങൾക്ക് ആകെ 15,930 അപേക്ഷകൾ ലഭിച്ചു. ഖന്നയിൽ അവസാനമായി റിക്രൂട്ട്‌മെന്റ് റാലി നടന്ന 2020 ൽ ഈ ജില്ലകളിൽനിന്ന് ലഭിച്ച 14,633 അപേക്ഷകളേക്കാൾ ഇത്തവണ കൂടുതലാണിത്. ഖന്ന റാലിയിൽ ഫിസിക്കൽ ടെസ്റ്റ് പൂർത്തിയായെങ്കിലും കോവിഡ് കാരണം എഴുത്തു പരീക്ഷ റദ്ദാക്കി. അതിനാൽ, ആ അപേക്ഷകരിൽ പലരും ഇത്തവണ വീണ്ടും അപേക്ഷിച്ചിട്ടുണ്ട്,” ആർമി ഓഫിസർ പറഞ്ഞു.

കോവിഡിനുശേഷം രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന റാലിയിൽ അപേക്ഷകരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്ന് മറ്റൊരു ഓഫിസർ പറഞ്ഞു. രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്തതിനാൽ 2020-നെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണം ഇരട്ടിയെങ്കിലും വർധിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഉയർന്ന പ്രായപരിധിയിൽ 21 മുതൽ 23 വയസ്സ് വരെ ഇളവ് നൽകിയത് അപേക്ഷകരുടെ എണ്ണത്തിലെ വർധനവിന് കാരണമായേക്കാമെന്ന് ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

”ഞങ്ങളുടെ കുടുംബങ്ങൾക്ക് എന്താണ് വേണ്ടതെന്ന് സർക്കാരുകൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. പഞ്ചാബ് സർക്കാരിന് എതിർക്കാൻ കഴിയും, പക്ഷേ ഞങ്ങൾക്ക് കഴിയില്ല. ഞങ്ങൾ ദരിദ്രരാണ്, ഞങ്ങളുടെ കുടുംബത്തിന് ജീവിക്കാൻ ഞങ്ങൾക്ക് വരുമാനം ആവശ്യമാണ്. ജോലിയില്ലാതെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് നാല് വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നതാണ്. ആർമി സ്റ്റാമ്പ് ലഭിച്ചതിന് ശേഷം ഞങ്ങൾക്ക് മറ്റ് ജോലികൾ ചെയ്യാൻ കഴിയും,” പുലർച്ചെ ഒരു മണി മുതൽ എആർഒയ്ക്ക് പുറത്ത് അണിനിരന്ന ആയിരക്കണക്കിന് ആളുകൾക്കിടയിൽ റോപ്പറിൽ നിന്നുള്ള ഒരു ഉദ്യോഗാർത്ഥി പറഞ്ഞു.

”ബിരുദം നേടിയശേഷം കഴിഞ്ഞ മൂന്ന് വർഷമായി സൈന്യത്തിൽ ചേരാൻ വേണ്ടി തയ്യാറെടുക്കുകയാണ്. 2020-ൽ ഖന്ന നടന്ന റാലിയിൽ ഞാൻ ഫിസിക്കൽ ടെസ്റ്റ് പാസായെങ്കിലും എഴുത്തുപരീക്ഷ നടന്നില്ല. ഞാൻ ഇപ്പോൾ വീണ്ടും അപേക്ഷിച്ചു. എന്റെ അച്ഛൻ ഒരു മേസൻ ആണ്, ദിവസം 600 രൂപ സമ്പാദിക്കുന്നു. ഒരു പുതിയ സ്കീം ആരംഭിച്ചതിനാൽ എനിക്ക് വീട്ടിൽ ഇരിക്കാൻ കഴിയില്ല. സർക്കാർ ജോലി സർക്കാർ ജോലിയാണ്,” ഖന്നയിൽ ഫിസിക്കൽ ടെസ്റ്റ് പാസായ ജാഗ്രോണിൽനിന്നുള്ള ഇരുപതുകാരൻ ഗർപ്രീത് സിങ് പറഞ്ഞു.

തന്റെ അമ്മ വീട്ടുജോലിക്കാരിയാണെന്ന് പത്താം ക്ലാസ് പാസായ പത്തൊൻപതുകാരനായ പർദീപ് കുമാർ ശർമ്മ പറഞ്ഞു. ടടനാലു വർഷത്തേക്കാണ് റിക്രൂട്ട്മെന്റ് എന്നു കേട്ടപ്പോൾ തിരിച്ചടിയായി, എന്നാൽ ഞാൻ കഠിനാധ്വാനം ചെയ്താൽ നിലനിർത്തപ്പെടുന്ന 25 ശതമാനത്തിൽ ഞാനും ഉൾപ്പെടും. എനിക്ക് രാജ്യത്തെ സേവിക്കണം. ഇനി ഒരിക്കലും എന്റെ അമ്മ മറ്റുള്ളവരുടെ വീട്ടിൽ അടുക്കള പണി ചെയ്യുന്നത് എനിക്ക് കാണാനാവില്ല,” പർദീപ് പറഞ്ഞു.

”നാലു വർഷമാണെങ്കിലും എന്റെ പിതാവിന് ഇപ്പോൾ എന്റെ പിന്തുണ വേണം. മറ്റൊരാളുടെ പാടത്ത് പണിയെടുക്കുന്ന കർഷകനായ എന്റെ പിതാവിന് മാസം 10,000 രൂപയാണ് കിട്ടുന്നത്. ഞങ്ങൾക്ക് സ്വന്തമായി കൃഷി ഭൂമിയില്ല. ഇവിടെ മറ്റു ജോലികൾ ഒന്നുമില്ല, പിന്നെ സൈന്യമായാൽ എന്താണ്,” 12-ാം ക്ലാസ് പാസായ ഖന്നയിൽനിന്നുള്ള ശന്തം സിങ് പറഞ്ഞു.

”എന്റെ അച്ഛൻ ദുബായിലാണ്. ഞാൻ എന്റെ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നു. വിദേശ രാജ്യത്തേക്ക് പോകാനല്ല, എന്റെ രാജ്യത്തിന്റെ അതിർത്തിയിലേക്ക് പോവുകയാണ് എന്റെ സ്വപ്നം. കഴിഞ്ഞ മൂന്നു വർഷമായി ഈ ദിവസത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു,” പത്തൊൻപതുകാരനായ നരീന്ദർ പാൽ സിങ് പറഞ്ഞു. നരീന്ദറിന്റെ സഹോദരൻ കാനഡയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നു. സഹോദരിയും വിദേശത്താണ്.

”പഞ്ചാബിലെ ഒട്ടുമിക്ക യുവാക്കളും വിദേശത്തേക്ക് പോവുകയാണ്. വിദേശികളുടെ അടിമയാകുന്നതിനേക്കാൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിനുവേണ്ടി ഞാൻ സേവനം ചെയ്യും,” ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമയുള്ള പർദീപ് സിങ് പറഞ്ഞു.

പ്രതിമാസ ശമ്പളത്തിന് പുറമേ, ആദ്യ വർഷം ഏകദേശം 30,000 രൂപ ലഭിക്കുമെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ”നാലുവർഷത്തെ സേവനത്തിനുശേഷം ഏകദേശം 10-12 ലക്ഷം രൂപ അവർക്ക് ലഭിക്കും. ഈ പണം അവർക്ക് മറ്റു കരിയർ മേഖലകളിലേക്ക് വേണ്ടി ഉപയോഗിക്കാം. ദരിദ്ര കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഇതൊരു വലിയ തുകയാണ്, ഒപ്പം ആർമി ജോലിയിൽ ലഭിക്കുന്ന വിശ്വാസ്യതയും,” ഓഫിസർ പറഞ്ഞു.

പുതിയ റിക്രൂട്ട്‌മെന്റ് നയത്തിൽ സൈനികർ, നാവികർ, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവർക്ക് നാല് വർഷത്തെ സേവനം മാത്രമേ വ്യവസ്ഥ ചെയ്യുന്നുള്ളൂ. അവർക്ക് ആജീവനാന്ത പെൻഷനോ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളോ നൽകില്ല. പുതിയ നയമനുസരിച്ച്, ഈ വർഷം മൂന്ന് സേനാ വിഭാഗങ്ങളിലേക്കായി 46,000 അഗ്നിവീരന്മാരെയും അതിനുശേഷം പ്രതിവർഷം 50,000 മുതൽ 60,000 പേരെയും റിക്രൂട്ട് ചെയ്യും. അവരിൽ, 25 ശതമാനം പേർ മാത്രമേ 15 വർഷത്തേക്ക് വീണ്ടും റിക്രൂട്ട് ചെയ്യപ്പെടുകയുള്ളൂ. അവർക്ക് പെൻഷനും ആജീവനാന്ത ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ലഭിക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Agnipath recruitment rally serving for 4 years is better than sitting unemployed at home