ലക്നൗ: ഹനുമാന്‍ ദളിതനും മനുവാദികളുടെ അടിമയും ആയിരുന്നെന്ന് ബിജെപി എം.പി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നിന്നുളള എംപിയായ സാവിത്ര ഭായ് ഫൂലെയാണ് വിവാദ പ്രസ്താവന നടത്തിയത്. ഹനുമാന്‍ ആദിവാസി ദളിതനാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി എംപിയുടെ അഭിപ്രായപ്രകടനം. ദളിതരേയും പിന്നോക്കവിഭാഗക്കാരേയും കുരങ്ങന്മാരെന്നും രാക്ഷസന്മാരെന്നുമാണ് വിളിക്കപ്പെടുന്നതെന്നും സാവിത്രി ആരോപിച്ചു.

‘ദളിതനും മനുവാദികളുടെ അടിമയും ആയിരുന്നു ഹനുമാന്‍. ഒരു ദളിതനായ മനുഷ്യനായിരുന്നു ഹനുമാന്‍. ശ്രീരാമന് വേണ്ടി എല്ലാം ചെയ്തിട്ടും എന്തിനാണ് അദ്ദേഹത്തിന് വാലും നല്‍കി മുഖം ഇരുണ്ടതാക്കി മാറ്റിയത്?, ആരാധനയോടെ എല്ലാം ചെയ്തപ്പോള്‍ ശ്രീരാമന്‍ ഹനുമാനെ മനുഷ്യനാക്കി ജനിപ്പിക്കണമായിരുന്നു, പകരം ഒരു കുരങ്ങനാക്കി മാറ്റി. അപ്പോഴും ഒരു ദളിതനായിരിക്കുന്നതില്‍ അദ്ദേഹം അപമാനിക്കപ്പെട്ടു. എന്തുകൊണ്ട് നമ്മല്‍ ദളിതരെ ഒരു മനുഷ്യനായി കണക്കാക്കുന്നില്ല?,’ സാവിത്രി ചോദിച്ചു.

തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ഹനുമാന്റെ ജാതി പറഞ്ഞ് ദലിത് വോട്ട് പിടിക്കാനുളള ശ്രമങ്ങളായിരുന്നു കഴിഞ്ഞയാഴ്ച്ച യോഗി ആദിത്യനാഥ് നടത്തിയത്. ഹനുമാന്‍ ‘ആദിവാസി ദലിതന്‍’ ആണെന്നും അതുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ പാടുളളൂവെന്നും അദ്ദേഹം ആള്‍വാറില്‍ പറഞ്ഞു. രാവണ ഭക്തന്മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. അദ്ദേഹം വനത്തിലായിരുന്നു ഒറ്റപ്പെട്ട് താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരേയും ഒന്നിച്ച് നിര്‍ത്താന്‍ ഹനുമാന്‍ പ്രയത്നിച്ചു. ശ്രീരാമന്റെ ആഗ്രഹമായിരുന്നു ഇതെന്നത് കൊണ്ട് അദ്ദേഹത്തിന് അതില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ഈ ആഗ്രഹം നടപ്പിലാക്കും വരെ നമ്മള്‍ വിശ്രമിക്കാന്‍ പാടില്ല,’ ആദിത്യനാഥ് പറഞ്ഞു.

ഹനുമാന്‍ ദളിതനാണെങ്കില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ തങ്ങള്‍ക്ക് വിട്ട് തരണമെന്നാണ് ഇപ്പോള്‍ ദളിത് സംഘടനകളുടെ ആവശ്യം. ഉത്തര്‍പ്രദേശിലെ ഹസ്റത്ഗഞ്ചിലുളള ദ്കഷിണ്മുഖി ഹനുമാന്‍ ക്ഷേത്രത്തിന് മുമ്പില്‍ ദളിത് ഉത്തന്‍ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. ഹനുമാന്‍ ദളിതനാണെന്നും തങ്ങളുടെ ദൈവമാണെന്നും ദളിത് സമൂഹം വ്യക്തമാക്കി. ഇനി മുതല്‍ രാജ്യത്തെ ഹനുമാന്‍ ക്ഷേത്രങ്ങളിലെ പൂജകള്‍ തങ്ങള്‍ ചെയ്യുമെന്നും ക്ഷേത്ര ചുമതല തങ്ങളെ ഏല്‍പ്പിക്കണമെന്നും ദളിതര്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook