ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് നിർത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്.

പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി കമ്മീഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. പശ്ചിമ ബംഗാൾ, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ നടപ്പാക്കാൻ മന്ത്രാലയത്തിന് നിർദേശം നൽകി.

Read More: ‘മുഖ്യമന്ത്രിക്കെതിരെ വഴിവിട്ട നീക്കം’; ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് എൽഡിഎഫ് മാർച്ച്

വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടികള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പ് തയ്യാറാക്കിയതാണെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് ആരോഗ്യ മന്ത്രാലയം നല്‍കിയ വിശദീകരണം. എന്നാൽ ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം മാറ്റാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മോദിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ നിന്ന് മറയ്ക്കാൻ സാധിക്കുന്ന വിധത്തിൽ മന്ത്രാലയം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യും.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സര്‍ക്കാരും ബിജെപിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതി.

“ഈ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ സ്റ്റാർ ക്യാംപെയ്നർ. റാലികളിൽ അദ്ദേഹം തന്റെ പാർട്ടിക്ക് പിന്തുണ തേടുന്നു. ഈ സാഹചര്യത്തിൽ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ തന്റെ ഫോട്ടോ ഉപയോഗിക്കുന്നത് വോട്ടർമാരെ സ്വാധീനിക്കുന്നതിനു തുല്യമാണ്, ഇത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നു,” പശ്ചിമ ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം ബുധനാഴ്ച കൊൽക്കത്തയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ സർക്കാർ പദ്ധതികളുടെ പോസ്റ്ററുകളിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത് കമ്മീഷൻ മുമ്പ് തന്നെ വിലക്കിയിരുന്നു. 2017 ൽ ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത്, മോദിയുടെയും അന്നത്തെ നഗരവികസന മന്ത്രിയുടെയും ചിത്രങ്ങൾ പ്രധാൻ മന്ത്രി ആവാസ് യോജനയുടെ വെബ്‌സൈറ്റിൽനിന്ന് നീക്കം ചെയ്യാൻ കമ്മീഷൻ മന്ത്രിസഭയോട് ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook