മെൽബൺ: ഓസ്ട്രേലിയയിലെ ഒരു കുടുംബം ടോയ്‌ലെറ്റിൽ പെരുമ്പാമ്പിനെ കണ്ട വാർത്ത ഏതാനും ദിവസം മുൻപാണ് പുറത്തുവന്നത്. മറ്റൊരു സംഭവത്തിൽ ടോയ്‌ലെറ്റിലെത്തിയ സ്ത്രീക്ക് പാമ്പിന്റെ കടിയേൽക്കുകയും ചെയ്തു. ഇപ്പോഴിതാ കുളിമുറിയിലെ ഷവറിൽ പെരുമ്പാമ്പിനെ കണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്.

സതേൺ ക്വീൻസ്‌ലാൻഡിലെ സൺഷൈൻ കോസ്റ്റിൽ താമസിക്കുന്ന കുടുംബമാണ് കുളിമുറിയിൽ അപ്രതീക്ഷിതമായി പെരുമ്പാമ്പിനെ കണ്ടത്. രാവിലെ കുളിമുറിയിൽ കയറിയപ്പോൾ കണ്ടത് ഏഴടി നീളമുള്ള പെരുമ്പാമ്പ് ഷവറിൽ തൂങ്ങിക്കിടക്കുന്നതാണ്. ഉടൻ തന്നെ വിവരം പാമ്പിനെ പിടികൂടുന്നവരെ അറിയിച്ചു.

തുറന്നു കിടന്ന വാതിൽ വഴി വെള്ളം തേടിയാവും പെരുമ്പാമ്പ് കുളിമുറിയിലെത്തിയിട്ടുണ്ടാവുക. ചൂട് കാലാവസ്ഥയായതിനാൽ മനുഷ്യരെപ്പോലെ ശരീരം തണുപ്പിക്കുന്നതിനു വേണ്ടിയാണ് ഇഴജന്തുക്കൾ വീടുകളിലേക്ക് എത്തുന്നതെന്ന് പാമ്പിനെ പിടികൂടിയ ലൂക്ക് ഹണ്ട്‌ലി പറഞ്ഞു. പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ ലൂക്ക് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയയിൽ ക്രമാതീതമായി ചൂട് ഉയരുകയാണ്. ചൂട് മൂലം ജലാശയങ്ങളിലെ വെള്ളം വറ്റിയതിനാൽ തണുപ്പ് തേടി ഇഴജന്തുക്കൾ വീടുകളിലേക്ക് എത്തുന്നത് പതിവായി മാറുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook