കോവിഡ് വാക്സിൻ പരീക്ഷണ കുത്തിവയ്‌പ്പ് നടത്തിയ ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് പോസിറ്റീവായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് കൊറോണ പോസിറ്റീവ് ആണെന്നും അംബാലയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. താനുമായി അടുത്ത് ഇടപഴകിയവരോട് കോവിഡ് പരിശോധന നടത്താനും നിരീക്ഷണത്തിൽ കഴിയാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാരത് ബയോടെക് നിർമിക്കുന്ന കോവിഡ് വാക്സിനാണ് മന്ത്രിയിൽ നേരത്തെ പരീക്ഷിച്ചത്. കോവാക്‌സിൻ എന്നാണ് ഇതിന്റെ പേര്. വാക്സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനിൽ വിജ് കുത്തിവയ്‌പ്പെടുത്തത്. ഏകദേശം 25,000 ത്തോളം പേർ ഈ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. നവംബർ 20 നായിരിന്നു കുത്തിവയ്‌പ്പ്. ഹരിയാനയിൽ നിന്ന് 400 പേർ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തു. അതിൽ ആദ്യ വ്യക്തിയായിരുന്നു 67 കാരനായ അനിൽ വിജ്. വാക്സിൻ കുത്തിവയ്‌പ്പെടുത്ത ശേഷം സ്ഥിരമായി അദ്ദേഹം ഓഫീസിൽ പോയിരുന്നു.

Read Also: മാസ്‌ക് ഊരാതെ പ്രസംഗം, എണ്ണിപ്പറഞ്ഞ് കോവിഡ് പ്രതിരോധത്തിലെ മികവ്; വനിത സ്ഥാനാർഥികൾക്ക് വോട്ടുതേടി കെ.കെ.ശെെലജ

അതേസമയം, മൂന്ന് വാക്സിനുകൾ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ കോവിഡ് -19 വാക്സിൻ തയ്യാറാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞു.

കോവിഡ് -19 സാഹചര്യം, വാക്സിനുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മുന്നോട്ടുള്ള വഴി എന്നിവയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. പൊതുജനാരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ആവർത്തിച്ച പ്രധാനമന്ത്രി വാക്സിൻ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ചകൾ നടക്കുന്നുവെന്നും പറഞ്ഞു. വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുക കോവിഡ് ഫ്രണ്ട് ലൈൻ വർക്കർമാർക്കും ഗുരുതരമായ രോഗങ്ങളുള്ളവരും വയോധികരും അടക്കമുള്ളവർക്കും ആയിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനിന്റെ വിതരണം, വില എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook