ന്യൂഡല്‍ഹി: ഇന്ത്യയുടെ സഹായത്തിനും രോഹാൻ സാദിഖിനെ രക്ഷിക്കാനായില്ല. ഇന്ത്യയില്‍ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയ ശേഷം മടങ്ങിയ പാകിസ്താന്‍ ബാലന്‍ നിര്‍ജ്ജലീകരണം മൂലം മരിച്ചു. നാലുമാസം പ്രായമുള്ള പാകിസ്താന്‍ കുട്ടി രോഹാന്‍ സാദിഖിനാണ് ഈ ദുര്‍വിധിയുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് രേവാഹാന്‍ മരണത്തിന് കീഴടങ്ങിയത്.

നോയിഡയിലെ ജയ്പീ ആശുപത്രിയില്‍ ജൂലായ് 14നായിരുന്നു ശസ്ത്രക്രിയ നടന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടാണ് രോഹാന് ഇന്ത്യയില്‍ എത്താന്‍ മെഡിക്കല്‍ വീസ സംഘടിപ്പിച്ച് നല്‍കിയത്.

രോഹാന്റെ മരണ വിവരം പിതാവ് കന്‍വാള്‍ സാദിഖ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. വലിയൊരു ഹൃദയ ശസ്ത്രക്രിയയെ അതിജീവിച്ച രോഹാന് നിസാരമായ നിര്‍ജ്ജലീകരണത്തില്‍ കാലിടറി വീണുവെന്നായിരുന്നു പോസ്റ്റ്.

ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായിരിക്കുന്ന സമയത്താണ് രോഹാന്റെ പിതാവ് മെഡിക്കല്‍ വീസയ്ക്ക് അപേക്ഷിച്ചത്. തന്റെ മകന്റെ കാര്യത്തില്‍ സര്‍താജ് അസീസോ സുഷമ സ്വരാജോ നിലപാട് അറിയിക്കണമെന്ന് സാദിഖ് ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സ്വരാജ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിക്കാനും മെഡിക്കല്‍ വീസയ്ക്ക് തയ്യാറാണെന്നും അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ