ധാക്ക: റോഡ് അപകടങ്ങളിൽ ആളുകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ പരമാവധി ശിക്ഷയായ വധശിക്ഷ ഏര്‍പ്പെടുത്താനുള്ള ബില്‍ ഇന്ന് ചേരുന്ന ബംഗ്ലാദേശ് ക്യാബിനെറ്റ് പരിഗണിക്കും. കഴിഞ്ഞ ഒരാഴ്ചയായി ബംഗ്ലാദേശിനെ സ്തംഭിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ഫലമായാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. അമിത വേഗത്തിലെത്തിയ ബസ് ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളും യുവാക്കളും തെരുവിലിറങ്ങിയത്.

ബംഗ്ലാദേശിലെ ഗതാഗത നിയമങ്ങളില്‍ മാറ്റം വരുത്തുകയെന്ന ആവശ്യമുന്നയിച്ചായിരുന്നു വിദ്യാര്‍ത്ഥി പ്രക്ഷോഭം. വാഹനാപകടത്തില്‍ ആളുകള്‍ക്ക് പരുക്കേല്‍ക്കുന്നതും മരണപ്പെടുന്നതും സ്ഥിരമായതോടെയാണ് പ്രക്ഷോഭത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ നീങ്ങിയത്. ജൂലൈ 29നായിരുന്നു ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് അമിത വേഗത്തിലെത്തിയ ബസ് പാഞ്ഞു കയറുന്നതും രണ്ട് പേര്‍ മരിക്കുന്നതും.

‘വാഹനാപകടത്തില്‍ ആരെങ്കിലും കൊല്ലപ്പെടുകയുണ്ടായാല്‍ വധശിക്ഷ നല്‍കണമെന്നാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്.’ നിയമ മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ക്യാബിനറ്റ് ചേര്‍ന്നതിന് ശേഷം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ വാഹനാപകടം മൂലം ആരെങ്കിലും കൊല്ലപ്പെടുന്ന സംഭവത്തില്‍ മൂന്ന് വര്‍ഷം വരെ തടവാണ് ശിക്ഷ. പുതിയ നിയമം വരുന്നതോടെ ഇത് വധശിക്ഷയാകും. ലോകത്തു തന്നെ അപൂര്‍വ്വമാണ് ഇങ്ങനെയൊരു നിയമം.

ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്‍ കൂട്ടി നിശ്ചയിച്ച ശമ്പളമല്ല ബംഗ്ലാദേശിലുള്ളത്. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് വേതനം നല്‍കുന്നത്. ഇതുമൂലമാണ് ഡ്രൈവര്‍മാര്‍ അമിത വേഗത്തില്‍ ബസ് ഓടിക്കുന്നതും യാത്രക്കാരെ കുത്തിനിറച്ചു കയറ്റുന്നതുമെന്നാണ് പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ ഷെയ്ഖ് ഷാഫി പറയുന്നത്. 2015 ലെ ഒരു വാഹനാപകടത്തില്‍ തന്റെ സഹോദരനെ ഷാഫിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. നിയമം ഭേദഗതി ചെയ്യുക എന്നതിന് പുറമെ, ബസ് ഡ്രൈവര്‍മാരുടെ പരമാവധി ജോലിസമയം പത്ത് മണിക്കൂറാക്കി നിശ്ചയിക്കുക, ശമ്പളം തിട്ടപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

പ്രതിഷേധത്തിനിടെ

പ്രതിഷേധങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശിലെ യുഎസ് അംബാസിഡറുടെ വാഹനത്തിന് നേരേയും ആക്രമണമുണ്ടായിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം അംബാസിഡറുടെ വാഹനത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് എംബസി പിന്നീട് അറിയിച്ചു. അതേസമയം, സംഭവത്തില്‍ കൃത്യമായ പ്രതികരണം നല്‍കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

പ്രതിഷേധ സമരം അയഞ്ഞതോടെ ബംഗ്ലാദേശില്‍ ബസുകള്‍ ഇന്നു നിരത്തിലിറങ്ങി തുടങ്ങിയിട്ടുണ്ട്. ദീര്‍ഘ ദൂര ബസുകളും ഹ്രസ്വ ദൂര ബസുകളും സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നിരത്തിലിറങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് യാത്രക്കാരുടെ എണ്ണത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് ധാക്ക റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി മഹ്ബുബുര്‍ റഹ്മാന്‍ പറഞ്ഞു. പ്രക്ഷോഭത്തെ തുടര്‍ന്ന് മിക്ക ഡ്രൈവര്‍മാരും അവരുടെ നാട്ടിലേക്ക് മടങ്ങിയെന്നും ആക്രമണങ്ങളെ തുടര്‍ന്ന് ബസ് നിരത്തിലിറക്കാന്‍ ചിലര്‍ മടിക്കുന്നതായും അദ്ദേഹം പറഞ്ഞു. മിക്ക വാഹനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്.

ഇതിനിടെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും പൊലീസിന്റേയും ഭരണകക്ഷി അനുകൂലികളുടേയും ഭാഗത്തു നിന്നുമുണ്ടായിരുന്നു. അതേസമയം, പ്രതിഷേധത്തെ പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വളര്‍ത്താന്‍ ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രക്ഷോഭമുണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രതിഷേധക്കാർ

എന്നാല്‍ പ്രക്ഷോഭത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രതികരണം. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ ട്രാഫിക് വാരം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റോഡ് സുരക്ഷ മുന്നില്‍ കണ്ട് വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിന്റെ ഭാഗമായി പരിശോധിക്കും. എന്നാല്‍ ആക്രമണ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും ശക്തമായി തന്നെ ചെറുക്കുമെന്നും ആഭ്യന്തര വകുപ്പും അറിയിച്ചിട്ടുണ്ട്.

ജൂലൈ 29 ന് ഉണ്ടായ ആക്രമണത്തിന് പിന്നാലെ പുറപ്പെട്ട ഒരാഴ്ച പിന്നിടുമ്പോള്‍ കനത്ത നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 320 ഓളം ബസുകള്‍ക്ക് തീയിടുകയും 50ല്‍ പരം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളായിരുന്നു ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയത്. യൂണിഫോമില്‍ തന്നെയായിരുന്നു പലരും സമരത്തിനെത്തിയതെന്നതും ശ്രദ്ധേയമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook