ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി തയ്യാറാക്കിയ പ്രൊജക്ടില്‍, 2018ല്‍ ഇന്ത്യയില്‍ വിചാരണ കോടതികളില്‍ നിന്നും വധശിക്ഷ ലഭിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണ്ടെത്തി. 2018ല്‍ 162 പേര്‍ക്കാണ് വിചാരകോടതി വധ ശിക്ഷ ലഭിച്ചത്. 2000 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. 2017ല്‍ 108 പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അരുണാചല്‍ പ്രദേശ്, ഗോവ, ജമ്മു കശ്മീര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര എന്നീ എട്ട് സംസ്ഥാനങ്ങളില്‍ വധശിക്ഷ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞവര്‍ഷം 12 കേസില്‍ 11 പേരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തു. ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗ കേസിലെ മൂന്നു പേരുടേയും വധശിക്ഷ സുപ്രീംകോടതി നിലനിര്‍ത്തി.
2018 ഡിസംബറില്‍ ഇന്ത്യയില്‍ മരണപ്പെട്ടവരുടെ എണ്ണം 426 ആണ്. 2017 ല്‍ ഇത് 366 ഉം 2016 ല്‍ 400 ഉം ആണ്.
കൊലപാതകമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ വിധിയ്ക്കാന്‍ നിയമപരമായ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്. ഇത് വധശിക്ഷയുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ ഐപിസിയില്‍ നടത്തിയ ഭേദഗതി പ്രകാരം 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതും കൂട്ടബലാത്സംഗവും വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
നിയമഭേദഗതി ആവശ്യപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം ശിശുലൈംഗിക പീഡനങ്ങളുടെ എണ്ണം കൂടൂതലാണ്. 22 പേര്‍ക്കാണ് മധ്യപ്രദേശില്‍ കഴിഞ്ഞവര്‍ഷം വധശിക്ഷ വിധിച്ചത്. ഇതില്‍ ഏഴ് പേര്‍ 12 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തവരാണ്. എന്നാല്‍ ഇതിന് വിരുദ്ധമായി 2017ല്‍ ആറ് പേര്‍ക്ക് മാത്രമാണ് മധ്യപ്രദേശില്‍ സെഷന്‍സ് കോടതികള്‍ വധശിക്ഷ വിധിച്ചത്. കുറ്റവാളികള്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് മധ്യപ്രദേശ് ഗവണ്‍മെന്റ് പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
കീഴ് കോടതികളില്‍ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നവര്‍ക്ക് 100 മുതല്‍ 200 വരെ പോയിന്റ്, ഒരു ജീവപര്യന്തത്തിന് 500 പോയിന്റ്, ഒരു വധശിക്ഷയ്ക്ക് 1,000 പോയിന്റ് എന്നിങ്ങനെ പോയിന്റ് സംവിധാനവും ഇപ്പോള്‍ നിലവിലുണ്ട്. ‘മാസത്തിലെ ഏറ്റവും മികച്ച പ്രോസിക്യൂട്ടര്‍,’ ‘പ്രോസിക്യൂഷന്റെ അഭിമാനം’ എന്നിങ്ങനെയുള്ള പദവികള്‍ സ്വന്തമാക്കുന്നവര്‍ക്ക് 2000 പോയിന്റാണ് ലഭിക്കുക. 500ല്‍ താഴെ പോയിന്റ് ലഭിക്കുന്നവര്‍ക്ക് താക്കീത് നല്‍കും.
സംഖ്യകള്‍ക്കപ്പുറം, 2018 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ രാജ്യത്തെ വധശിക്ഷയെ കുറിച്ച് നടക്കുന്ന സംവാദത്തെ സ്വാധീനിയ്ക്കാന്‍ സാധ്യതയുണ്ട്.
സുപ്രീംകോടതിയിലെ ഒരു സിറ്റിങ് ജഡ്ജിയായ ബച്ചന്‍ സിങ്(1980) വധശിക്ഷ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഛന്നുലാല്‍ എന്നയാളും ഛത്തീസ്ഗഢും തമ്മിലുള്ള കേസില്‍, വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചപ്പോള്‍ അടുത്തിടെ വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇങ്ങനെ കുറിച്ചു
‘ഒരു ശിക്ഷ എന്ന നിലയില്‍, വിശേഷിച്ച് അതിന്റെ ഉദ്ദേശ്യവും പ്രായോഗികതയും കണക്കിലെടുത്ത് വധശിക്ഷയുടെ ആവശ്യകതയെ കുറിച്ച് ചിന്തിക്കേണ്ട സമയം വന്നു കഴിഞ്ഞു എന്നാണ് ഞങ്ങള്‍ കരുതുന്നത്. വധശിക്ഷയുടെ ആവശ്യം പുനഃപരിശോധിക്കേണ്ടതാണ്’
ബാബാസാഹേബ് കാംബ്ലെയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിയും റിപ്പോര്‍ട്ട് പരിഗണനിയില്‍ എടുത്തിട്ടുണ്ട്. വധ ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടൊരു ഏടായാണ് ഈ വിധിയെ റിപ്പോര്‍ട്ട് കണക്കാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, സുപ്രീം കോടതിക്ക് നേരത്തെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍സ് ഡിസ്മിസ് ചെയ്യാനും അവയെ അപ്പീലുകളായി കേള്‍ക്കാതിരിക്കാനും സാധിക്കുമായിരുന്നു. അത്തരം ഡിസ്മിസലുകള്‍ മുഹമ്മദ് ആരിഫ് കേസിലെ വിധിക്ക് ശേഷം ഭരണാഘടനാപരമായി നിലനില്‍ക്കാത്തതായി. വധ ശിക്ഷ കേസുകളിലെ റിവ്യൂ പെറ്റീഷനുകള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നത് നിര്‍ബന്ധമാക്കുന്നതായിരുന്നു വിധി.
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതും സുപ്രീം കോടതി എടുത്തു പറഞ്ഞു. ”കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട പ്രതിയുടെ ജീവിത സാഹചര്യവും സമൂഹിക പശ്ചാത്തലവും പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിധി പുറപ്പെടുവിക്കുന്ന സമയത്ത് മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഏറെ പ്രധാനപ്പെട്ടതാണ്,” എന്ന് റിപ്പോര്‍ട്ട് സമര്‍ദ്ദിക്കുന്നു.
വധ ശിക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറെ പ്രധാന്യമുള്ളതാണ് സുപ്രീം കോടതിയുടെ സമീപമെന്ന് സെന്റര്‍ ഓന്‍ ഡെത്ത് പെനാല്‍റ്റി ഡയറക്ടര്‍ അനൂപ് സുരേന്ദ്രനാഥ് അഭിപ്രായപ്പെടുന്നു. പരമോന്നത കോടതിയുടെ സമീപനം വധ ശിക്ഷയ്ക്ക് നിയമപരമായ വിപുലീകരണത്തിനായുള്ള ഗവണ്‍മെന്റിന്റെ ആവേശത്തിന് വിപരീതമാണെന്നും അദ്ദേഹം പറയുന്നു.
കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളില്‍ പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന സമീപകാലത്ത് രാജ്യത്താകെ ഉയര്‍ന്നു വന്ന ആവശ്യത്തിന് പുറമെ കത്തുവയില്‍ ബാലികയെ പീഡപ്പിച്ച് കൊന്ന കേസിന്റേയും സാഹചര്യത്തില്‍ പോസ്‌കോ നിയമത്തില്‍ ഭേദഗതി വരുത്തുകയും 18 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നതിന് വധ ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ സര്‍ക്കാര്‍ വധ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വധ ശിക്ഷ നിരോധിക്കാനുള്ള നിര്‍ദ്ദേശത്തെ ഇന്ത്യ എതിര്‍ക്കുകയും ചെയ്തിരുന്നു.