ന്യൂഡൽഹി: അനിശ്ചിതത്വത്തിന് അന്ത്യം കുറിച്ച്, ഉത്തർപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റിലും മത്സരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും 25 വർഷത്തിന് ശേഷം ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കോൺഗ്രസ് നയം വ്യക്തമാക്കിയത്.
ഉത്തർപ്രദേശ് പിസിസി പ്രസിഡന്റ് രാജ് ബബ്ബാറുമായി എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നയം പ്രഖ്യാപിച്ചത്. ബിജെപിയെ പരാജയപ്പെടുത്തണം എന്നാഗ്രഹിക്കുന്ന ഏത് മതേതര നിലപാടുളള രാഷ്ട്രീയ കക്ഷിക്കും വിശാല സഖ്യത്തിലേക്ക് വരാമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഉത്തർപ്രദേശിൽ 2009 ൽ വിജയിച്ചതിനേക്കാൾ ഇരട്ടി സീറ്റുകളിൽ ഇക്കുറി വിജയിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 2009 ൽ 21 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. 2014 ൽ രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
എസ്‌പി-ബിഎസ്‌പി സഖ്യത്തിൽ നിന്ന് കോൺഗ്രസ് പുറത്തായതിൽ പാർട്ടി പ്രവർത്തകർ ഹൃദയം തകർന്നിരിക്കുകയല്ലെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയാലും സർക്കാർ രൂപീകരണ സമയത്ത് സഖ്യമുണ്ടാക്കാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബറേലിയിലും തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കില്ലെന്ന് ബിഎസ്‌പി ചീഫ് മായാവതി ഇന്നലെ പറഞ്ഞത് സഖ്യത്തിന്റെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നതിന്റെ സൂചനയായാണ് കാണുന്നത്.