/indian-express-malayalam/media/media_files/2025/12/21/vote1-2025-12-21-09-04-01.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിവാദമായ ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ, രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ട്രസ്റ്റുകൾ വഴി ലഭിക്കുന്ന സംഭാവനകളിൽ വൻ വർധന. 2024-25 സാമ്പത്തിക വർഷത്തിൽ ഒമ്പത് ഇലക്ടറൽ ട്രസ്റ്റുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ആകെ 3,811 കോടി രൂപ സംഭാവനയായി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also Read:നിതീഷ് കുമാർ ഹിജാബ് മാറ്റിയ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല
2023-24 വർഷത്തിൽ ഇത് 1,218 കോടി രൂപയായിരുന്നു. അതായത്, ഒരു വർഷത്തിനിടെ രാഷ്ട്രീയ പാർട്ടികൾക്കുള്ള ട്രസ്റ്റ് സംഭാവനകളിൽ 200 ശതമാനത്തിലധികം (മൂന്നിരട്ടി) വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലഭിച്ച ആകെ തുകയുടെ 82 ശതമാനവും കൈക്കലാക്കിയത് ഭരണകക്ഷിയായ ബിജെപിയാണ്. ട്രസ്റ്റുകൾ വഴി ബിജെപിക്ക് 3,112 കോടി രൂപ ലഭിച്ചു. അതേസമയം, പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ആകെ സംഭാവനയുടെ എട്ട് ശതമാനത്തിൽ താഴെ മാത്രമാണ് (299 കോടി രൂപ) ലഭിച്ചത്. മറ്റ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം കൂടി ആകെ തുകയുടെ 10 ശതമാനം (400 കോടി രൂപ) വിഹിതമാണ് ലഭിച്ചത്.
Also Read:നിർത്തിയിട്ട ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചു; കരസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് ആണ്. 2,180.07 കോടി രൂപയാണ് ഈ ട്രസ്റ്റ് വിവിധ പാർട്ടികൾക്കായി നൽകിയത്. ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, മേഘ എൻജിനീയറിങ്, ഭാരതി എയർടെൽ, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഈ ട്രസ്റ്റിലേക്ക് പ്രധാനമായും പണം നൽകുന്നത്. പ്രുഡന്റ് നൽകിയ തുകയുടെ 82 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പിന്തുണയുള്ള പ്രോഗ്രസീവ് ഇലക്ടറൽ ട്രസ്റ്റ് 914.97 കോടി രൂപ സംഭാവന നൽകി. ഇതിന്റെ 80.82 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. ടാറ്റ കൺസൾട്ടൻസി സർവീസസ് , ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് ഈ ട്രസ്റ്റിലെ പ്രധാന നിക്ഷേപകർ. മഹിന്ദ്ര ആൻഡ് മഹിന്ദ്ര ഗ്രൂപ്പിന്റെ ന്യൂ ഡെമോക്രാറ്റിക് ഇലക്ടറൽ ട്രസ്റ്റ്' നൽകിയ 160 കോടി രൂപയിൽ 150 കോടിയും ബിജെപിക്കാണ് ലഭിച്ചത്. ശിവസേന (യുബിടി) വിഭാഗത്തിന് ജൻപ്രഗതി ഇലക്ടറൽ ട്രസ്റ്റ് ഒരു കോടി രൂപ നൽകി.
Also Read:എസ്ഐആർ; തീയതി നീട്ടാൻ കേരളം നിവേദനം നൽകണമെന്ന് സുപ്രീം കോടതി
ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് 2024-ലാണ് സുപ്രീം കോടതി അവ റദ്ദാക്കിയത്. ബോണ്ടുകളിൽ നിന്ന് വ്യത്യസ്തമായി, ഇലക്ടറൽ ട്രസ്റ്റുകൾ വഴി നൽകുന്ന സംഭാവനകളുടെ ഉറവിടം കൂടുതൽ സുതാര്യമാണ്. കമ്പനികൾ ട്രസ്റ്റുകളിലേക്ക് നൽകുന്ന പണത്തെക്കുറിച്ചും ട്രസ്റ്റുകൾ പാർട്ടികൾക്ക് നൽകുന്ന തുകയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്.
ബോണ്ടുകൾ നിർത്തലാക്കിയതോടെ കോർപ്പറേറ്റുകൾ പാർട്ടികൾക്ക് ഫണ്ട് നൽകാൻ പ്രധാനമായും ആശ്രയിക്കുന്നത് ഇലക്ടറൽ ട്രസ്റ്റുകളെയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
Read More:മേഘാലയയിലെ ഹണിമൂൺ കൊലപാതകം; ഭാര്യയെ കുരുക്കി തെളിവായത് ട്രോളി ബാഗ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us