ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് ചിത്രത്തിന് വിലക്കേർപ്പെടുത്തി ഹരിയാന. സിനിമയിക്ക് ഹരിയാനയിൽ വിലക്കേർപ്പെടുത്തിയതായി ഹരിയാന മന്ത്രി അനിൽ വിജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സംസ്ഥാനത്തിന്റെ സുരക്ഷയെ കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനുവരി 25 ന് റിലീസ് ചെയ്യുന്ന പദ്മാവത് സിനിമയ്ക്ക് വിലക്കേർപ്പെടുത്തുന്ന 4-ാമത് സംസ്ഥാനമാണ് ഹരിയാന. നേരത്തെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു

സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന ആരോപണവുമായി രജപുത് കർണി സേന അംഗങ്ങൾ രംഗത്തെത്തിയതോടെയാണ് സിനിമ പ്രതിസന്ധിയിലായത്. കഴിഞ്ഞ ഡിസംബർ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമ പ്രതിഷേധങ്ങളെ തുടർന്ന് റിലീസ് മാറ്റിവച്ചു. ചിത്രത്തിന് എതിർപ്പുകൾ ശക്തമായതോടെ സെൻസർ ബോർഡ് റിലീസിനുളള അനുമതി നിഷേധിച്ചു. പിന്നീട് ചിത്രത്തിന്റെ പേര് ‘പദ്മാവതി’ എന്നത് ‘പദ്മാവത്’ എന്നാക്കി മാറ്റിയതടക്കം 5 സുപ്രധാന മാറ്റങ്ങളോടെ ജനുവരി 25 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ചിത്രത്തിന്റെ പേര് മാറ്റിയിട്ടും രാജസ്ഥാൻ സർക്കാർ ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് മാറ്റാൻ തയ്യാറായില്ല.

രാജസ്ഥാന് പിന്നാലെ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്ന നിലപാടുമായി ഗുജറാത്ത് സർക്കാരും രംഗത്തെത്തി. ഗുജറാത്തിൽ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook