ന്യൂഡൽഹി: രാജ്യവ്യാപകമായി ആക്ടിവിസ്റ്റുകളെയും സർഗാത്മക പ്രതിഭകളെയും അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. അടിച്ചമർത്തുന്നതും ക്രൂരവും ഏകാധിപത്യപരവും, നിയമവിരുദ്ധവും ഏകപക്ഷീയവും’ മഹാരാഷ്ട്ര പൊലീസിന്റെ നടപടിയെന്ന് ചരിത്രകാരനും ഗാന്ധിജിയുടെ ജീവചരിത്രകാരനുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. ആദിവാസി ഭൂമിയും വനഭൂമിയും ധാതു വിഭവങ്ങളും കൊളളയടിക്കുന്ന ചങ്ങാത്തമുതലാളിത്തിന്റെ സർക്കാരാണിതിന് പിന്നിലെന്ന് ഗുഹ കുറ്റപ്പെടുത്തിയതായും എൻ ഡി ടിവിയാണ് റിപ്പോർട്ട് ചെയ്തു.

അഞ്ച് നഗരങ്ങളിലായി ഒമ്പത് ആക്ടിവിസ്റ്റുകളുടെ വസതികളിലാണ് പുണൈ പൊലീസ് റെയ്ഡ് നടത്തിയത്. വരവരറാവു, അഭിഭാഷകയായ സുധാ ഭരദ്വാജ്, അരുൺ ഫെറേറിയ, ഗൗതം നവ്‌ലാഖ, വെർണൻ ഗോൺസാൽവസ് എന്നിങ്ങനെ അറിയപ്പെടുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നടന്ന ഭീമാ കൊറേഗാവ് സംഭവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു, സവർണ മറാത്ത സംഘടനകളുമായി ദലിത് ആക്ടിവിസ്റ്റുകൾ നടത്തിയ ചെറുത്ത് നിൽപ്പ് സംഘർഷമാണ് ഭീമാ കൊറേഗാവ് അക്രമം എന്ന് രേഖപ്പെടുത്തപ്പെട്ടത്.

സുധീർ ധാവ്‌ലെ, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗത്ത്, റോണാ വിൽസൺ, ഷോമാ സെൻ എന്നീ അഞ്ച് പേരെ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. ഭീമാ കൊറേഗാവ് സംഭവുമായി ബന്ധപ്പെട്ട് പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ അറസ്റ്റ്. ഇപ്പോഴത്തെ അറസ്റ്റ് ഇവരെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറയുന്നു.

 

ഭീമാ കൊറേഗാവ് സംഭവം : ആക്റ്റിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വീടുകളില്‍ റെയിഡ്, പരക്കെ അറസ്റ്റ്

അരുന്ധതി റോയ്, ഇന്ദിര ജെയ്സിങ് എന്നിവരും അറസ്റ്റ് ഉൾപ്പെടയുളള പൊലീസ് നടപടികളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. “നിയമവാഴ്ചയെ സംരക്ഷിക്കാൻ ആരുമില്ലാത്ത ഒരു ദിവസം വരും, ഒരു ദിവസം നിയമവാഴ്ച തന്നെ സംരക്ഷിക്കപ്പെടാനില്ലാതെ വരും “എന്നായിരുന്നു ഇതേ കുറിച്ച് പ്രമുഖ അഭിഭാഷകയായ ഇന്ദിരാ ജെയ്സിങ്ങിന്റെ ട്വീറ്റ്.

ഇത് 1975 ലെ അടിയന്താരവാസ്ഥയോട് ചേർന്നു നിൽക്കുന്ന അവസ്ഥയാണെന്ന് ബുക്കർ പ്രൈസ് ജേതാവായ അരുന്ധതി റോയി അഭിപ്രായപ്പെട്ടു.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പലരെയും തനിക്ക് വ്യക്തിപരമായി അറിയാമെന്നും അവരാരും ഒരിക്കലും അക്രമത്തെ അനുകൂലിച്ച് പ്രവർത്തിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നവരല്ലെന്നും ഗുഹയെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇവർ രാജ്യത്തെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കും വേണ്ടി നിലകൊണ്ടവരാണ്. ഇന്ത്യയുടെ ഹൃദയഭൂമികയിൽ കൊലപാതകവും ബലാൽസംഗവുമൊക്കെ നടക്കുന്ന ഇടങ്ങളിൽ ഇരകളാകുന്ന ആദിവാസി സമൂഹത്തിന്റെ അഭിഭാഷകരാണിവർ, എന്നും അദ്ദേഹം പറഞ്ഞു.

“ഗാന്ധിജിയുടെ ജീവചരിത്രാകാരനെന്ന നിലയിൽ എനിക്ക് പറയാൻ സാധിക്കും അദ്ദേഹം ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ മോദി സർക്കാർ അദ്ദേഹത്തിനെയും അറസ്റ്റ് ചെയ്തേനെ” രാമചന്ദ്രഗുഹ ട്വീറ്റ് ചെയ്തു.

ആക്ടിവിസ്റ്റുകൾക്കെതിരായ വേട്ടയാടൽ ആരംഭിച്ചത് കോൺഗ്രസ് മോദി സർക്കാർ ആ നയത്തെ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും രാമചന്ദ്രഗുഹ പറഞ്ഞു.

 

രാജ്യത്ത് നിലല്‍ക്കുന്നത് അടിയന്തരാവസ്ഥയോട് അടുത്ത അവസ്ഥയെന്ന് അരുന്ധതി റോയി

സുധ ഭരദ്വാജിനെതിരായ നടപടി ഭ്രാന്തൻ നടപടിയാണെന്നാണ് രാഹുൽ പണ്ഡിത ട്വീറ്റ് ചെയ്തത്. സുധഭരദ്വാജിനെ തനിക്ക് അറിയാമെന്നും അവർക്ക് മാവോയിസ്റ്റുകളുമായി ബന്ധമില്ലെന്നും മാവോയിസ്റ്റുകളെ കുറിച്ചു കശ്മീരിനെ കുറിച്ചും പുസ്തകങ്ങളെഴുതിയിട്ടുളള മാധ്യമപ്രവർത്തകനായ രാഹുൽ പണ്ഡിത ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook