ന്യൂഡല്‍ഹി: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരെ പ്രമേയം പാസാക്കാൻ രാജസ്ഥാന്‍ നിയസഭയും. ബജറ്റ് അവതരണത്തിനായി നാളെ ആരംഭിക്കുന്ന പ്രത്യേക നിയസഭാ സമ്മേളനത്തിലാണു പ്രമേയം പാസാക്കുക.

നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. 28 നു ജയ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആക്രോശ് റാലി നടക്കാനിരിക്കെയാണു സച്ചിന്‍ പൈലറ്റ് ഇക്കാര്യം പറഞ്ഞത്.

സംഭാഷണമില്ലെങ്കില്‍ ജനാധിപത്യം ദുര്‍ബലമാകുമെന്നും സിഎഎക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധിക്കുന്നവരുടെ വാക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.

”നിയമം പുനഃപരിശോധിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. പക്ഷേ പ്രതിഷേധിക്കുന്നവരെ ആക്രമിക്കുകയും ദേശവിരുദ്ധരെന്നു വിളിക്കുകയാണ്,” പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

”സിഎഎക്കെതിരെ സമാധാനപരമായും നിയമത്തിന്റെ അതിര്‍ത്തിക്കുള്ളിലും നിന്നുകൊണ്ട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ നിയമം കയ്യിലെടുക്കുന്നവരെ പിന്തുണയ്ക്കുന്നില്ല,” പൈലറ്റ് പറഞ്ഞു. പുതിയ നിയമത്തിന്റെ നിയമസാധുത സുപ്രീംകോടതി തീരുമാനിക്കുമെന്ന് ഇതുമായ ബന്ധപ്പെട്ട ഹര്‍ജികളെ പരാമര്‍ശിച്ച് പൈലറ്റ് പറഞ്ഞു.

Read Also: സിഎഎ അനുകൂല പരിപാടിയിലെ പ്രതിഷേധം: പരാതിയിൽ പേരില്ല; അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ്

പൗരത്വ ഭേദഗതി നിയമം രാജസ്ഥാനില്‍ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും പ്രായോഗികമല്ലെന്നും ഇവ രാജ്യത്തൊട്ടാകെ നടപ്പാക്കാന്‍ കഴിയില്ലെന്നും താന്‍ നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നു ഗെലോട്ട് കഴിഞ്ഞമാസം ട്വിറ്ററില്‍ കുറിച്ചിരുന്നു.

സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകാനൊരുങ്ങുകയാണു രാജസ്ഥാന്‍. പഞ്ചാബാണു പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് ഭരണമുള്ള ആദ്യ സംസ്ഥാനം.

സിഎഎക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമായ കേരളം വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്. നിയമത്തിനെതിരെ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമാണു കേരളം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ ഫോമില്‍ ഭേദഗഗതി വരുത്താന്‍ കേന്ദ്രത്തോട് പഞ്ചാബ് ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook