ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണർ സൊഹെയ്ൽ മഹമൂദിനെ പാക്കിസ്ഥാൻ തിരിച്ചു വിളിച്ചു. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. കൂടിയാലോചനകൾക്കായി ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണറെ തിരിച്ചു വിളിച്ചതായും ഇന്നു രാവിലെ അദ്ദേഹം ഡൽഹിയിൽനിന്നും പുറപ്പെട്ടതായും മുഹമ്മദ് ഫൈസൽ ട്വിറ്ററിൽ കുറിച്ചു.

പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകി.

പുൽവാമയിലെ ഭീകരാക്രമണത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്ന കേന്ദ്ര സർക്കാർ ആലോചനകൾക്കിടെയാണ് പാക്കിസ്ഥാൻ ഹൈക്കമ്മിഷണറെ തിരിച്ചു വിളിച്ചത്. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമിഷണർ അജയ് ബിസാരയെ നേരത്തെ ഇന്ത്യയും തിരികെ വിളിച്ചിരുന്നു.

പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് നൽകിയിരുന്ന അഭിമത രാഷ്​ട്രപദവി ഇന്ത്യ പിൻവലിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. പാക്കിസ്ഥാനില്‍ നിന്നുളള എല്ലാ ഉത്പന്നങ്ങളുടേയും കസ്റ്റംസ് തീരുവ ഇന്ത്യ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. വ്യാപാരരംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയാകുന്ന തീരുമാനമായിരുന്നു ഇത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ