ഇന്ത്യ -ഇസ്രയേൽ ബന്ധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം. ഇരു പ്രധാനമന്ത്രിമാരും തങ്ങളുടെ തീവ്ര സൗഹൃദം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ “എന്റെ ചങ്ങാതി ബിബി” എന്നാണ് മോദി പരാമർശിച്ചത്. മോദിയെ “നരേന്ദ്ര” എന്ന് അഭിസംബോധന ചെയ്ത ബെഞ്ചമിൻ നെതന്യാഹു മോദിയെ “എല്ലാ അർത്ഥത്തിലും യഥാർത്ഥ വിപ്ലവകാരി”, എന്നും വിശേഷിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലവും ആഴമേറിയതുമാണെന്നാണ് മോദി ഇസ്രയേൽ ബന്ധത്തെ കുറിച്ച് പ്രതികരിച്ചത്. ബന്ധം കൂടുതൽ ശക്തമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ഫലം ലഭിക്കുന്നതിൽ അക്ഷമനാണെന്ന് എനിക്ക് ഒരു വിശേഷണം ഉണ്ട്. കഴിഞ്ഞ തവണ ടെൽ അവീവിൽ നടന്ന കൂടിക്കാഴ്ചയിൽ ബെഞ്ചമിൻ നെതന്യാഹുവും ബ്യൂറോക്രസിയിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് യാഥാർത്ഥ്യമാക്കാൻ സാധിച്ചിട്ടുണ്ട്”, മോദി പറഞ്ഞു.

ഇന്ത്യയിൽ വിദേശനിക്ഷേപം ഉദാരമാക്കിയ കേന്ദ്ര നയത്തെ പരമാവധി ഉപയോഗപ്പെടുത്താൻ ഇസ്രയേലി സ്ഥാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

“ബോളിവുഡിലേക്ക് എത്തിയതിൽ എനിക്കും എന്റെ ഭാര്യയ്ക്കും സന്തോഷമുണ്ട്”, എന്നാണ് ഇന്ത്യൻ സന്ദർശനത്തെക്കുറിച്ച് നെതന്യാഹു പ്രതികരിച്ചത്. ആറ് ദിവസത്തെ സന്ദർശനത്തിനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രിയും ഭാര്യ സാറയും താജ് മഹൽ സന്ദർശിച്ച ശേഷം മുംബൈയിൽ ബോളിവുഡ് താരങ്ങളെ കാണും.

“യോഗ എന്നെ സംബന്ധിച്ച കുറച്ച് കടുപ്പമേറിയതാണ്. എന്നാലും എപ്പോഴെങ്കിലും മോദിക്ക് സമയം ലഭിക്കുകയാണെങ്കിൽ താൻ അതിന് തയ്യാറാണ്”, എന്നും നെതന്യാഹു പറഞ്ഞു.

പ്രോട്ടോക്കോൾ മറികടന്ന് ഇന്നലെ നെതന്യാഹുവിനെയും ഭാര്യയെയും സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉന്നത ഉദ്യോഗസ്ഥരില്ലാതെ വൈകിട്ട് ഇവർക്ക് അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ