യൂബർ, ഒല, സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്ക്ക് പിറകേ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സേവന ദാതാക്കളായ ബുക്ക് മൈ ഷോ. ബുക്ക് മൈ ഷോയുടെ 18 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യും. കോവിഡ് -19 രോഗവ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടൽ.
ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി 1450 ജിവനക്കാരാണ് ബുക്ക് മൈ ഷോയിൽ തൊഴിലെടുക്കുന്നത്. ഇതിൽ 270 പേരെയാണ് പിരിച്ചുവിടുകയോ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യുകയെന്ന് ബുക്ക് മൈ ഷോ സ്ഥാപകൻ ആശിഷ് ഹേംരാജാനി ജീവനക്കാർക്കയച്ച കത്തിൽ പറയുന്നു.
Read More: വോഡഫോൺ-ഐഡിയ ലിമിറ്റഡിൽ ഗൂഗിൾ നിക്ഷേപം നടത്താനൊരുങ്ങുന്നതായി റിപോർട്ട്.
ശമ്പള രഹിത അവധിയിൽ പ്രവേശിപ്പിച്ച ജീവനക്കാർക്ക് മെഡിക്കൽ ഇൻഷൂറൻസ്, ഗ്രാറ്റ്വിറ്റി എന്നിവയടക്കമുള്ള ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും. പിരിച്ചുവിട്ടവർക്ക് രണ്ടുമാസത്തെ ശമ്പളത്തിന് തത്തുല്യമായ തുക നൽകുമെന്നും ഹേംരാജാനിയുടെ കത്തിൽ പറയുന്നു.
ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നത് കമ്പനിയുടെ ചെലവ് കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ്. വരും മാസങ്ങളിൽ കമ്പനിയുടെ വരുമാനം “വളരെയധികം കുറയാനാണ് സാധ്യ”യെന്നും കത്തിൽ പറയുന്നു.
“അസ്വസ്ഥതാ ജനകമായതും, ദൗർഭാഗ്യകരവും എന്നാൽ അനിവാര്യവുമായി ഒരു തീരുമാനത്തിന്റെ ഭാഗമായി തൊഴിലാളികളുടെ എണ്ണം കുറയ്ക്കേണ്ടി വരുന്ന വാർത്ത നിങ്ങളുമായി പങ്കിടുകയാണ്. പ്രതികൂലമായ സാഹചര്യങ്ങൾ കാരണമാണ് ഈ തീരുമാനമെടുക്കേണ്ടി വന്നത്. ഈ തീരുമാനങ്ങളൊന്നും ജീവനക്കാരുടെ തൊഴിലിന്റെ നിലവാരത്തിൽ പ്രതിഫലിക്കില്ല”-കത്തിൽ പറയുന്നു.
യൂബർ ഇന്ത്യ, ഒല, സ്വിഗ്ഗി, സൊമാറ്റോ എന്നിവയക്ക് പുറമേ സ്നാപ്ഡീൽ, കാർ ദേഖോ, ഓയോ തുടങ്ങിയ ഇൻറർനെറ്റ് അധിഷ്ടിത വ്യവസായ സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഓൺലൈൻ ടാക്സി സർവീസ് കമ്പനിയായ യൂബർ ഇന്ത്യയിലെ 600 മുഴുവൻ സമയ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഊബറിന്റെ ആഗോള തലത്തിലെ തൊഴില്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമായായിരുന്നു പിരിച്ചു വിടൽ.
കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ 6,700 ജീവനക്കാരെയാണ് ഊബർ പിരിച്ചുവിട്ടത്. ആദ്യ ഘട്ടത്തിൽ 3700 ജീവനക്കാരെ പിരിച്ചു വിട്ട ഊബർ, രണ്ടാം ഘട്ടത്തിൽ 3000 ജീവനക്കാരെ കൂടി പിരിച്ചു വിടുകയായിരുന്നു.
1400 ജീവനക്കാരെ പിരിച്ചു വിടാനാണ് മറ്റൊരു ഓൺലൈൻ ടാക്സി അഗ്രിഗേറ്ററായ ഒല തീരുമാനിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് വരുമാനം കുത്തനെ ഇടിഞ്ഞതോടെയാണ് നടപടി. രണ്ടു മാസത്തിനിടെ 95 ശതമാനമാണ് വരുമാനം ഇടിഞ്ഞതെന്ന് കമ്പനി സിഇഒ ഭവീശ് അഗര്‍വാള്‍ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടാക്സി, ധനകാര്യ സേവനങ്ങൾ, ഭക്ഷ്യ ബിസിനസുകൾ എന്നീ മേഖലകളിൽനിന്നുളള ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്.
Read More: കോവിഡ് പ്രതിസന്ധി: ഊബർ ഇന്ത്യ 600 ജീവനക്കാരെ പിരിച്ചുവിട്ടു
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ, കമ്പനിയിലെ 13 ശതമാനം ജീവനക്കാരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ടിരുന്നു. സൊമാറ്റോ സിഇഒ ദീപേന്ദർ ഗോയൽ ജീവനക്കാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്. രണ്ടു മാസത്തിനിടെ കമ്പനിയുടെ ബിസിനസിൽ നാടകീയമായ തരത്തിലുള്ള മാറ്റങ്ങളാണുണ്ടായതെന്നും അതിൽ പലമാറ്റങ്ങളും സ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്നും ഇതിനാലാണ് ജീവനക്കാരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെടുന്നതടക്കമുള്ള നടപടികൾ സ്വികരിക്കുന്നതെന്നും ദീപേന്ദർ ഗോയലിന്റെ സന്ദേശത്തിൽ പറയുന്നു.
Read More: വരുമാനം കുത്തനെ ഇടിഞ്ഞു; ഒല 1400 ജീവനക്കാരെ പിരിച്ചുവിടുന്നു
മറ്റൊരു ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി 1,100 ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. മൊത്തം ജീവനക്കാരുടെ 14 ശതമാനം വരും ഇത്. നിലനിർത്തുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കാനും ഈ കമ്പനികൾ തീരുമാനിച്ചിരുന്നു.