ന്യൂഡല്‍ഹി: വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിലെ(ഐസിഎച്ച്ആര്‍) ജീവനക്കാര്‍ ദിവസേനയുള്ള ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ത്തുകയും കോണ്‍ഫറന്‍സ് റൂമില്‍ നിന്ന് ഭാരത് മാതാവിന്റെയും ദീന്‍ ദയാല്‍ ഉപാധ്യായയുടെയും ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.
ഏകദേശം ആറു മാസത്തോളം സ്ഥാപനത്തില്‍ എല്ലാ ദിവസവും രാവിലെ ജീവനക്കാര്‍ ദേശീയ ഗാനം ആലപിക്കാന്‍ ഒത്തുകൂടിയിരുന്നു. കൂടാതെ ഭാരതമാതാവിന്റെയും മുന്‍ ജനസംഘം പ്രസിഡന്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെയും ചിത്രങ്ങള്‍ മെമ്പര്‍ സെക്രട്ടറി ഉമേഷ് കദത്തിന്റെ ഓഫീസിലും ഐസിഎച്ച്ആര്‍ കോണ്‍ഫറന്‍സ് റൂമിലും സ്ഥാപിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഇവിടെ ദേശീയഗാനം ആലപിക്കുന്നത് നിര്‍ത്തുകയും രണ്ട് ചിത്രങ്ങളും രണ്ട് മുറികളില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തതായി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ക്കായി ബന്ധപ്പെട്ടപ്പോള്‍, ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ രഘുവേന്ദ്ര തന്‍വാറും മെമ്പര്‍ സെക്രട്ടറി കദവും സംഭവവികാസങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും വിശദീകരിക്കാന്‍ വിസമ്മതിച്ചു.
”കഴിഞ്ഞ സെപ്റ്റംബറില്‍ നല്‍കിയ വാക്കാലുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേശീയ ഗാനം ആലപിച്ചിരുന്നത് ഇത് ഇന്ന് നിര്‍ത്തി്. ഭാരത് മാതാവിന്റെയും ഉപാധ്യായയുടെയും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ രേഖാമൂലമുള്ള ഉത്തരവൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ അവ രണ്ടിടത്തുനിന്നും ഇന്ന് നീക്കം ചെയ്തു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് മുറികളിലും ഭാരത് മാതാവിന്റെയും ഉപാധ്യായയുടെയും ചിത്രങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങളുള്ള ചുമരില്‍ ഉണ്ടായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഭാരത് മാതാവിന്റെയും ഉപാധ്യായയുടെയും ചിത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഉമേഷ് കദം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഈ ചിത്രങ്ങള്‍ വയ്ക്കാന്‍ രേഖാമൂലമുള്ള ഉത്തരവൊന്നും ഇല്ലായിരുന്നു. ആളുകള്‍ വന്ന് അത്തരം കാര്യങ്ങള്‍ അവതരിപ്പിക്കുന്നു, ഞങ്ങള്‍ അവ ഉചിതമായ സ്ഥലത്ത് വയ്ക്കുന്നു. ഐസിഎച്ച്ആര്‍ ലൈബ്രറിക്ക് മുന്നില്‍ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ജീവനക്കാര്‍ ദേശീയഗാനം ആലപിച്ചതായാണ് വിവരം. ഇത് ജീവനക്കാര്‍ സ്വമേധയാ നടത്തിയതാണെന്നും ഉമേഷ് കദം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11 ന് കദം ഐസിഎച്ച്ആറില്‍ ചേര്‍ന്നതിന് ശേഷമാണ് ഗാനം ആലപിക്കാന്‍ തുടങ്ങിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെട്ടപ്പോള്‍ ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ തന്‍വര്‍ പറഞ്ഞു: ”ശരിയായ അനുമതിയൊന്നും ഉണ്ടായിരുന്നില്ല എന്നത് ശരിയാണ് (ചിത്രങ്ങള്‍ക്കും ദേശീയ ഗാനത്തിനും). (ഭരണ) കൗണ്‍സിലില്‍ നിന്നോ എന്നില്‍ നിന്നോ അല്ല. എന്നാല്‍ ചിത്രങ്ങള്‍ നീക്കം ചെയ്തതിലോ ദേശീയ ഗാനം നിര്‍ത്തിയതിലോ എനിക്ക് പങ്കില്ല. ഫെബ്രുവരി 10ന് ശേഷം ഞാന്‍ ഐസിഎച്ച്ആര്‍ ഓഫീസ് സന്ദര്‍ശിച്ചിട്ടില്ല. തന്‍വാര്‍ കൂട്ടിച്ചേര്‍ത്തു. ഐസിഎച്ച്ആര്‍ ഒരു വിഭാഗീയതയില്ലാത്ത സ്ഥാപനമാണ്. നാം അതിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കദം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ്. അദ്ദേഹം വിദ്യാര്‍ത്ഥികളുടെ വെല്‍ഫെയര്‍ ഡീന്‍ കൂടിയാണ്.
കുരുക്ഷേത്ര സര്‍വകലാശാലയിലെ പ്രൊഫസറായ തന്‍വാര്‍, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഐസിഎച്ച്ആര്‍ ചെയര്‍മാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി ‘ഇന്ത്യയുടെ വിഭജനത്തിന്റെ കഥ’ 2021 ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചു.