ന്യൂഡല്‍ഹി: മുദ്ര (മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് & റീഫിനാന്‍സ് ഏജന്‍സി) പദ്ധതി പ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടും പൂഴ്ത്തി കേന്ദ്ര സര്‍ക്കാര്‍. അടുത്ത രണ്ടു മാസത്തേക്ക് കണക്കുകള്‍ പുറത്തു വിടേണ്ടെന്ന തീരുമാനത്തിലാണ് മോദി സര്‍ക്കാര്‍.

‘മുദ്ര സ്‌കീമിനു കീഴില്‍ എത്ര തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചു എന്ന കണക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പുറത്തു വിടൂ. ലേബര്‍ ബ്യൂറോയുടെ സര്‍വേ രീതികളില്‍ അപാകതകളുണ്ടെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണിത്,’ അടുത്ത വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന നാഷണല്‍ സാംപിള്‍ സര്‍വേ(എന്‍എസ്എസ്ഒ)യുടെ തൊഴിലില്ലായ്മ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതിനു ശേഷം ലേബര്‍ ബ്യൂറോയുടെ കണ്ടെത്തലുകള്‍ ഉപയോഗപ്പെടുത്താനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്ന് ഫെബ്രുവരി 22ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ബ്യൂറോയോട് ‘ചില തെറ്റുകള്‍ തിരുത്തണം’ എന്നായിരുന്നു സമിതി ആവശ്യപ്പെട്ടത്. ഇതിനായി ലേബര്‍ ബ്യൂറോ രണ്ടു മാസം കൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഇതുവരെ അംഗീകരിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവിടണ്ടതില്ല എന്നാണ് അനൗപചാരികമായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. എന്‍എസ്എസ്ഒ സര്‍വേ റിപ്പോര്‍ട്ടിന് പുറമെ ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍ സര്‍വേ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ തൊഴില്‍ നഷ്ടങ്ങളെ കുറിച്ച് രണ്ടു റിപ്പോര്‍ട്ടുകളിലും പ്രതിപാദിക്കുന്നുണ്ട്.

ആറാമത് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത് 2016-17ല്‍ തൊഴിലില്ലായ്മ നിരക്ക് നാല് വര്‍ഷത്തെ ഏറ്റവും കൂടിയ (3.9 ശതമാനം) നിലയിലെത്തി എന്നാണ്. അതേസമയം 2017-18ല്‍ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ (6.1 ശതമാനം) തൊഴിലില്ലായ്മ എത്തി എന്നാണ് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട് പറഞ്ഞത്.

എന്‍എസ്എസ്ഒ റിപ്പോര്‍ട്ടില്‍ അവിശ്വാസം പ്രകടിപ്പിച്ച നീതി ആയോഗ്, ലേബര്‍ ബ്യൂറോയോട് ഫെബ്രുവരി 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുദ്ര പദ്ധതി പ്രകാരം നേരിട്ട് തൊഴില്‍ ലഭിച്ചവരുടെ കണക്കുകളും അനുബന്ധ ജോലികള്‍ സംബന്ധിച്ച കണക്കുകളും നീതി ആയോഗ് ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ഈ കണക്കുകള്‍ പുറത്തുവിടാം എന്നായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം.

2015 ഏപ്രില്‍ എട്ടിനും 2019 ജനുവരി 31നുമിടയില്‍ മുദ്ര ലോണ്‍ നേടിയ 97000 ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ലേബര്‍ ബ്യൂറോ സര്‍വേ. സര്‍വേ നടക്കുന്ന സമയത്ത് 10.35 കോടിയായിരുന്നെങ്കില്‍ ഇപ്പോള്‍ 15.56 കോടിയാണിതെന്നും വൃത്തങ്ങള്‍ പറയുന്നു.ബ്യൂറോയുടെ കണ്ടെത്തലുകളില്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook