ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് യുഗവ് സർവേ ഫലം. രണ്ടാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയാണ്. വിരാട് കോഹ്‌ലിയെയും സച്ചിൻ ടെൻഡുൽക്കറെയും മറികടന്നാണ് ധോണി രണ്ടാം സ്ഥാനത്തെത്തിയത്.

യുഗവ് സർവേയിൽ 15.66% പേരുടെ പിന്തുണയോടെയാണ് മോദി രാജ്യത്ത് ഏറ്റവുമധികം പേര്‍ ആരാധിക്കപ്പെടുന്ന വ്യക്തിയായി മാറിയത്. 8.58% പേരുടെ പിന്തുള്ളയുള്ള ധോണി രണ്ടാമതെത്തി.

ലോകത്ത് ഏറ്റവുമധികം ആരാധകരുളള വ്യക്തിത്വങ്ങളെ കണ്ടു പിടിക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം. 41 രാജ്യങ്ങളിൽ നിന്നായി 42,000 ആളുകളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായാണ് സർവേ സംഘടിപ്പിച്ചത്.

Read More: ഫിഫ: മികച്ച ഫുട്ബോളർ ആറാം തവണയും മെസ്സി തന്നെ; വനിതാ താരം മേഗൻ റാപിനോയ്

പുരുഷന്മാരുടെ പട്ടികയിൽ മോദി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, ബോക്സിങ് ചാമ്പ്യൻ മേരി കോമാണ് ഏറ്റവുമധികം ആരാധകരുളള സ്ത്രീകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

രത്തൻ ടാറ്റ (8.02 ശതമാനം), ബരാക് ഒബാമ (7.36 ശതമാനം), ബിൽ ഗേറ്റ്സ് (6.96 ശതമാനം) എന്നിവരാണ് പട്ടികയിൽ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. സച്ചിൻ ടെൻഡുൽക്കറാണ് കോഹ്‌ലിക്ക് മുകളിൽ. 2.95% പേരുടെ പിന്തുണയുമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആദ്യ പത്തിലുണ്ട്.

മേരി കോം 10.36 ശതമാനം റേറ്റിങ്ങോടെ ലോകത്തിലെ മികച്ച 25 വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടം നേടി. ഇന്ത്യക്കാരിൽ കിരൺ ബേദി (9.46 ശതമാനം), ലതാ മങ്കേഷ്കർ (9.23 ശതമാനം), സുഷമ സ്വരാജ് (7.13 ശതമാനം), ദീപിക പദുക്കോൺ (6.35 ശതമാനം) എന്നിവരാണ് പട്ടികയിലുള്ള മറ്റ് സ്ത്രീകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook