ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നമോ ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തി നൽകുന്നുവെന്ന ആരോപണത്തിന് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ ആൻഡ്രോയിഡ് ആപ്പും ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് സെക്യൂരിറ്റി റിസർച്ചർ. മോദി ആപ്പിലൂടെ വിവരങ്ങൾ ചോർത്തുന്നുവെന്ന വിവരം പുറംലോകത്ത് എത്തിച്ച ഫ്രഞ്ച് സെക്യൂരിറ്റി റിസർച്ചർ എലിയറ്റ് ആൽഡേഴ്സണാണ് കോൺഗ്രസ് ആപ്പും വിവരങ്ങൾ ചോർത്തുന്ന വിവരം പുറത്തുവിട്ടത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആൻഡ്രോയിഡ് ആപ്പ് സുരക്ഷിതമല്ലാതെയാണ്  ഡാറ്റകൾ പാർട്ടിയുടെ വെബ്സൈറ്റിലേയ്ക്ക് മാറ്റുന്നതെന്നാണ് പറയുന്നത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെയാണ് ഈ ഡാറ്റകളുടെ മാറ്റമെന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച അവസാനമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നമോദ ആപ്പ് വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ മൂന്നാം കക്ഷിക്ക് കൈമാറുന്നുവെന്ന വിവരം ആൽഡേഴ്സൺ വെളിപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ മുതൽ കോൺഗ്രസ് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. ആപ്പ് ലഭ്യമല്ലെന്ന വിവരം കോൺഗ്രസ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ആറ് മാസത്തോളമായി പ്രവർത്തനരഹിതമായിരുന്ന ആപ്പ് ഇന്ന് മുതൽ പ്ലേസ്റ്റോറിൽ നിന്നും മാറ്റിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുളളിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.​ ഇക്കാര്യം വിശദമാക്കാൻ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ