ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവായെന്ന ബിജെപി നേതാവ് മനോജ് തിവാരിയുടെ ട്വീറ്റിന് പിന്നാലെ, ഈ വാർത്ത നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം. അമിത് ഷായെ ഇനിയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിന് പിന്നാലെ മനോജ് തിവാരി തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

Read More: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കഴിഞ്ഞ ഞായറാഴ്ച നടത്തിയ പരിശോധനയിലായിരുന്നു അമിത് ഷായുടെ ഫലം പോസിറ്റിവായത്. “എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം,” അമിത് ഷാ ട്വിറ്ററിൽ കുറിച്ചിരുന്നു.

നേർത്ത രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ടെസ്റ്റിനു വിധേയനായിരുന്നു. തുടർന്നാണ് കോവിഡ് ഫലം പോസിറ്റിവാണെന്നു കണ്ടെത്തിയത്. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലാണ് അമിത് ഷാ ഇപ്പോൾ.

Read More: കോവിഡ് സ്ഥിരീകരിച്ചു: അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റി

അതേസമയം രാജ്യത്തെ രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,410 പേർക്കാണ് രോഗം ബാധിച്ചത്. ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,50,431 ആയി. 861 പേരാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 43,453 ആയി. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാമതുള്ള ബ്രസീലില്‍ 30 ലക്ഷം രോഗികളാണുള്ളത്.

ഇതുവരെ 14 ലക്ഷം പേരാണ് ഇന്ത്യയില്‍ കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്. 68.32 ശതമാനമാണ് ഇന്ത്യയിലെ രോഗവിമുക്തി റേറ്റ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കണക്കനുസരിച്ച് ഓഗസ്റ്റ് എട്ടിന് 7,19,364 സാമ്പിളുകള്‍ പരീക്ഷിച്ചു. രാജ്യത്ത് ഇതുവരെ 2.41 കോടിയിലധികം സാമ്പിളുകള്‍ പരീക്ഷിച്ചതായും ഐ.സി.എം.ആര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook