ന്യൂഡൽഹി: ദീപാവലിക്ക് നിയമം ലംഘിച്ച് ആളുകൾ പടക്കം പൊട്ടിച്ചതോടെ ലോകത്ത് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുളള നഗരമായി രാജ്യതലസ്ഥാനമായ ഡൽഹി മാറി. ഇന്ന് ഉച്ചയോടെ അന്തരീക്ഷ ഗുണനിലവാര സൂചിക 574 പോയിന്റിലെത്തി.

സാധാരണ സുരക്ഷിതമായ വായു മലിനീകരണ തോത് 50 ആണ്. 100 കടന്നാൽ ഭയപ്പെടാനില്ല, എന്നാൽ സുരക്ഷിതവുമല്ല എന്ന നിലയാണ്. 200 കടന്നാൽ ഇത് മോശം വായു എന്ന കാറ്റഗറിയിലാണ്. 300 കടന്നാൽ വളരെ മോശം എന്നാണ് കാറ്റഗറി. 400 കടന്നാൽ ഗുരുതരാവസ്ഥയായി കാണും. എന്നാൽ 500 കടക്കുന്നതോടെ അത്യാഹിത നിലയായാണ് അറിയപ്പെടുന്നത്.

അത് അത്യന്തം അപകടകരമാണെന്നാണ് കണക്ക്. ഈ നിരക്കാണ് മൂന്ന് മടങ്ങായിരിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം രണ്ട് മണിക്കൂർ മാത്രമാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഡൽഹിയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വിലക്ക് ലംഘിക്കപ്പെട്ടു.

ഇന്ന് വൈകുന്നേരം വരെ ഈ സൂചിക 500 ന് മുകളിൽ തന്നെയാകുമെന്നാണ് കണക്ക്. അന്തീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സഫർ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. മലിനമായ വായു ഒരു വർഷം പത്ത് ലക്ഷം പേരെ കൊലപ്പെടുത്തുന്നുവെന്നാണ് കണക്ക്.

പല സംഘടനകൾ പുറത്തുവിട്ട റീഡിങ്ങുകളിൽ ഡൽഹിയിലെ തോത് വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിലും ലോകത്ത് ഒന്നാം സ്ഥാനം രാജ്യതലസ്ഥാനത്തിന് തന്നെയാണ്.

ശ്വാസകോശത്തിലെ കാൻസറിനും ഹൃദ്രോഗത്തിനും എല്ലാം വളരെയേറെ കാരണമാകുന്നതാണ് ഇത്. ഡൽഹിയിലെ ആയിരക്കണക്കിന് കെട്ടിട നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നുളള പൊടി, പഞ്ചാബിലും ഹരിയാനയിലും കാർഷിക ഇടങ്ങളിൽ വൈക്കോലുകളും മറ്റും കത്തിച്ചുണ്ടാവുന്ന പുക, വാഹനങ്ങളിൽ നിന്നും വ്യവസായ കേന്ദ്രങ്ങളിൽ നിന്നും പുറത്തേക്ക് വിടുന്നവ തുടങ്ങി ഈ പ്രശ്നത്തിന് കാരണങ്ങൾ പലതാണ്. ഇതൊന്നും കാര്യമാക്കാതെയാണ് ഡൽഹി നിവാസികൾ സുപ്രീം കോടതി വിലക്ക് മറികടന്ന് മണിക്കൂറുകളോളം പടക്കം പൊട്ടിച്ചതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook