മുംബൈ: കർണാടക തിരഞ്ഞെടുപ്പിലെ പരാജയം ബിജെപിയെ ഞെട്ടിച്ചുവെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്ത്. ”കർണാടക തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപി ഭയത്തിലാണ്. രാജ്യത്ത് ഇപ്പോൾ യഥാർത്ഥ സ്വേച്ഛാധിപത്യം ആരംഭിക്കുമെന്ന് എനിക്ക് തോന്നുന്നു. കാരണം തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിക്ക് ഭയമാണ്, അതിനാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നു. ഇതിനെ സ്വേച്ഛാധിപത്യം എന്ന് വിളിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി 14 നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി അവർ പ്രഖ്യാപിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് നേരിടാൻ ബിജെപിയെ ഞാൻ വെല്ലുവിളിക്കുന്നു,” റൗത്ത് പറഞ്ഞു.
”മുഖ്യമന്ത്രിക്കും ഡിസിഎമ്മിനും കേന്ദ്രത്തിനും ജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമുണ്ടെങ്കിൽ മുംബൈയിലേതുൾപ്പെടെ എല്ലാ നഗരസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണം. ഞങ്ങൾ അതിന് തയ്യാറാണ്, പക്ഷേ നിങ്ങൾക്ക് അതിന് ധൈര്യമില്ല,” റൗത്ത് പറഞ്ഞു.
കർണാടക തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയയെയും റൗത്ത് കളിയാക്കുകയും ചെയ്തു. ”രാജ്യം മുഴുവൻ ഓപ്പറേഷൻ താമര നടത്തിക്കൊണ്ടിരിക്കുന്നു, പക്ഷേ കർണാടകയിൽ അവർ പരാജയപ്പെട്ടു. താമരയുടെ ഇതളുകൾ പരാജയപ്പെട്ടു. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും 70 സീറ്റുകളിൽ കൂടുതൽ വിജയിക്കാൻ പ്രധാനമന്ത്രി മോദിക്കും ഷായ്ക്കും കഴിഞ്ഞില്ല. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനൊപ്പം നിന്നു. രാജ്യത്തെ ജനങ്ങൾക്ക് നല്ലൊരു സന്ദേശം നൽകി.”
വോട്ടിങ്ങിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കുന്നതിനെ താൻ തുടർന്നും എതിർക്കുമെന്ന് സേന നേതാവ് പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചെങ്കിലും ഇവിഎമ്മുകളോടുള്ള ഞങ്ങളുടെ എതിർപ്പ് തുടരും. മഹാരാഷ്ട്രയിലും ഞങ്ങൾ വിജയിക്കും എന്നാൽ വോട്ടെടുപ്പിൽ ബാലറ്റ് പേപ്പറുകൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകയിൽ 224 അംഗ നിയമസഭയിലേക്ക് മേയ് 10 നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 66 സീറ്റുകളും ജെഡി (എസ്) ന് 19 സീറ്റുകളുമാണ് നേടാനായത്. സംസ്ഥാനത്ത് 36 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തിയെങ്കിലും 40 ശതമാനത്തിലധികം സീറ്റ് ബിജെപിക്ക് നഷ്ടമായി. നിലവിലുണ്ടായിരുന്ന 116 സീറ്റുകളില്‍ 40 ശതമാനത്തിലധികം ബിജെപിക്ക് നഷ്ടമായി.
36 ശതമാനം വോട്ട് വിഹിതത്തില്‍ 65 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 2018-ല്‍ ഇതേ വോട്ടിങ് ശതമാനത്തില്‍ 104 സീറ്റുകളാണ് ബിജെപി നേടിയത്. പാര്‍ട്ടിക്ക് ഉയര്‍ന്ന വോട്ട് വിഹിതം സംസ്ഥാനത്തിന്റെ രണ്ട് പ്രത്യേക പ്രദേശങ്ങളില്‍ നിന്ന് മാത്രമാണ് ലഭിച്ചത്. ഓള്‍ഡ് മൈസൂരും ബെംഗളുരുവുമാണ് ഇവ.