ന്യൂഡൽഹി: സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്കു പിന്നാലെ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കാന്‍ കേന്ദ്രം കോടതിയെ സമീപിക്കുന്നതായി റിപ്പോര്‍ട്ട്. സെക്ഷന്‍ 377 അസാധുവാക്കിയ നടപടിക്കു പിന്നാലെ പൗരാവകാശങ്ങളായ സ്വവര്‍ഗ വിവാഹം, സ്വത്തവകാശം, ഇന്‍ഷുറന്‍സ് പങ്കാളിത്തം തുടങ്ങിയവയ്ക്കായുള്ള പോരാട്ടത്തിന് എല്‍ജിബിടിക്യു സമൂഹം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വവര്‍ഗ വിവാഹത്തിനായുള്ള ഹര്‍ജികളെ എതിര്‍ക്കാനാണ് നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

‘എല്‍ജിബിടിക്യു വിഭാഗത്തിലുള്ള വ്യക്തികളുടെ സമത്വം എന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെങ്കില്‍ സ്വത്തവകാശം, മെഡിക്കല്‍, ലൈഫ് ഇന്‍ഷുറന്‍സ്, വിവാഹത്തിനുള്ള അവകാശം എന്നിവയും അതിന്റെ ഭാഗമാണ്. ജീവിക്കാനുള്ള അന്തസും അവകാശവും ബഹുമാനവുമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അത് നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഈ അവകാശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ആളുകള്‍ പറയുമ്പോള്‍ എനിക്ക് ആശ്ചര്യമാണ് തോന്നുന്നത്’, സെക്ഷന്‍ 377 കേസിലെ ഹര്‍ജിക്കാരില്‍ ഒരാളായ സുനില്‍ മെഹ്‌റ പറയുന്നു.

‘സ്വവര്‍ഗാനുരാഗം കുറ്റകൃത്യമല്ലാതാക്കിയതില്‍ വിയോജിപ്പില്ല. എന്നാല്‍ സ്വവര്‍ഗ വിവാഹത്തെ നിയമപരമാക്കാനുള്ള ഏതുതരം നീക്കത്തേയും സര്‍ക്കാര്‍ എതിര്‍ക്കും’, ഗവൺമെന്റിന്റെ വക്താവ് പറയുന്നു.

വിഷയത്തില്‍ ഇതേ നിലപാടു തന്നെയാണ് ആര്‍എസ്എസ്സും കൈക്കൊണ്ടിരിക്കുന്നത്. ‘പ്രകൃതിയുടെ നിമത്തിന് എല്ലാ തരത്തിലും ഭീഷണിയാണ് സ്വവര്‍ഗ വിവാഹം. അതുകൊണ്ടു തന്നെ ഞങ്ങള്‍ അതിനെ പിന്തുണയ്ക്കില്ല. അത്തരം ബന്ധങ്ങളെ അംഗീകരിക്കുന്ന പാരമ്പര്യം ഭാരതീയ സംസ്‌കാരത്തിനും സമൂഹത്തിനുമില്ല’, ആര്‍എസ്എസ് വക്താവ് അരുണ്‍ കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിരവധി സ്വര്‍ഗാനുരാഗികള്‍, സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. സെക്ഷന്‍ 377ന് എതിരായി സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരില്‍ ഒരാള്‍ താന്‍ മറ്റൊരു രാജ്യത്തേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു. യുഎസ്, യുകെ തുടങ്ങിയ ഇടങ്ങളില്‍ സ്വവര്‍ഗാനുരാഗം നിയമപരമാക്കിയതോടൊപ്പം തന്നെ സ്വവര്‍ഗവിവാഹം, ദത്തെടുക്കല്‍ അവകാശം, സ്വത്തവകാശം എന്നിവയും നിയമവിധേയമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook