റോത്തക്: ഹരിയാനിലെ നാടന്‍പാട്ട് കലാകാരി മമത ശര്‍മ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. റോത്തക് ജില്ലയിലെ ബനിയാനി ഗ്രാമത്തിലാണ് മമതയുടെ മൃതദേഹം കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ജന്മദേശം കൂടിയാണ് ഇവിടം. മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ഹരിയാനയിലെ നാടന്‍പാട്ടു കലാകാരി ഹര്‍ഷിത ദഹിയ സോണിപ്പുരില്‍ വെടിയേറ്റു മരിച്ചിരുന്നു. ഇതിനു പുറകേയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മമതയുടെ മൃതദേഹം ഗ്രാമീണര്‍ കണ്ടെത്തിയത്. മറ്റെവിടെയോ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ കൃഷിയിടത്തില്‍ വലിച്ചെറിയുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

അടുത്ത ജില്ലയായ സോനിപത്തിലെ ഗോഹാനിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഞായറാഴ്ച പുലര്‍ച്ചെ സഹായിയായ മോഹിത് കുമാറിനൊപ്പം പുറപ്പെട്ടതായിരുന്നു മമത. എന്നാല്‍ മമത മറ്റു ചിലരോടൊപ്പം കാറില്‍ കയറി പോയതായി 10.30 ഓടെ മോഹിത് കുമാര്‍ വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചു. പിന്നീട് മമതയെ കണ്ടിട്ടില്ല. ഇവരുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

മമതയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ലെന്നാണ് വീട്ടുകാരുടെ ആരോപണം. കൊലപാതക കേസ് റജിസ്റ്റര്‍ ചെയ്ത് സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ