റാഞ്ചി: പശുവിന്റെ പേരില്‍ വ്യാപാരിയെ തല്ലിക്കൊന്ന കുറ്റത്തിന് തടവില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ മാലയിട്ട് സ്വീകരണം. കേന്ദ്ര വ്യോമയാന മന്ത്രിയും ഹസാരിബാഗില്‍ നിന്നുമുള്ള എംപിയുമായ ജയന്ത് സിന്‍ഹയാണ് സ്വീകരണത്തിന്റെ ഫൊട്ടോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ വിവാദത്തിലായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ്‌ രാംഗഡിലെ അലിമുദ്ദീന്‍ അന്‍സാരിയെന്ന വ്യാപാരിയെ പശുവിന്റെ പേരില്‍ തല്ലിക്കൊല്ലുന്നത്. സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിനൊന്നുപേര്‍ക്ക് അതിവേഗ കോടതി ആജീവനാന്ത തടവ് വിധിച്ചിരുന്നു. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയെ തുടര്‍ന്ന് അതില്‍ എട്ട് പേര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാമ്യം ലഭിക്കുന്നത്. ജാമ്യത്തിന് ശേഷം കേന്ദ്രമന്ത്രിയെ വീട്ടില്‍ പോയി സന്ദര്‍ശിച്ച പ്രതികളെ അദ്ദേഹം മധുരം നല്‍കിയും മാലയിട്ടും സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി അവരോടൊപ്പം ഫൊട്ടോയ്ക്കും പോസ് ചെയ്തു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ജയന്ത് സിന്‍ഹ തന്നെ വിശദീകരണവുമായി വന്നു. എല്ലാത്തരം ആള്‍കൂട്ടനീതിയേയും താന്‍ ശക്തമായി അപലപിക്കുന്നു എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാംഗര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ കുറ്റക്കാര്‍ ആണെങ്കില്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും തനിക്ക് ജുഡീഷ്യറിയില്‍ പൂര്‍ണമായും വിശ്വാസമുണ്ട് എന്നുമായിരുന്നു ട്വിറ്ററില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. കുറ്റാരോപിതരായ എല്ലാവരെയും ആജീവനാന്തകാലം തടവിന് വിധിച്ച അതിവേഗ കോടതിയുടെ നടപടി തെറ്റാണ് എന്ന് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. കേസില്‍ അപ്പീല്‍ സ്വീകരിച്ച ഹൈക്കോടതിയുടെ ഇടപെടലില്‍ താന്‍ സന്തുഷ്ടനാണ് എന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.

ജയന്ത് സിന്‍ഹയുടെ പിതാവും ബിജെപി വിമതനായ ജശ്വന്ത് സിന്‍ഹയും പ്രതികരണവുമായി വന്നു. “മുന്‍പ് കഴിവുള്ള പുത്രന്റെ വിഡ്ഢിയായ പിതാവ് ആയിരുന്നു ഞാന്‍. ഇപ്പോള്‍ വേഷങ്ങള്‍ പരസ്പരം മാറിയിരിക്കുന്നു. എന്റെ മകന്റെ പ്രവര്‍ത്തിയെ ഞാന്‍ അംഗീകരിക്കുന്നില്ല. ഇത് കൂടുതല്‍ എതിര്‍പ്പുകള്‍ക്കാണ് വഴി വയ്ക്കുക. നിനക്ക് അതിനെ പരാജയപ്പെടുത്താന്‍ പറ്റില്ല” മകനോടുള്ള വിമര്‍ശനം മറച്ചുവയ്ക്കാതെ യശ്വന്ത് സിന്‍ഹ പറഞ്ഞു.

കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, സിപിഎം എന്നീ സംഘടനകളുടെ നേതൃത്വവും വിമര്‍ശനവുമായി മുന്നോട്ട് വന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ