ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ) സഞ്ജീവ് ഖിർവാറിന് വളര്‍ത്തു നായയുമായി സായാഹ്ന സവാരി നടത്തുന്നതിന് ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോട് എല്ലാ ദിവസവും നേരത്തെ പുറപ്പെടാൻ ആവശ്യപ്പെട്ട സംഭവത്തില്‍ നടപടി.
ദി ഇന്ത്യന്‍ എക്സ്പ്രസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന് മണിക്കൂറകള്‍ക്ക് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഖിര്‍വാറിന് പുറമെ ഐഎഎസ് ഓഫീസറായ അദ്ദേഹത്തിന്റെ ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശലീക്കും സ്ഥലം മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഖിര്‍വാറും ദുഗ്ഗയും വളര്‍ത്തുനായയുമായി സിന്തറ്റിക് ട്രാക്കിലൂടെ നടക്കുന്ന ചിത്രമടക്കമുള്ള റിപ്പോര്‍ട്ട് ദി ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ചത്. ഐഎഎസ് ദമ്പദികളുടെ നടപടി പിന്നീട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
“സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം ഡൽഹി ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. വൈകുന്നേരത്തോടെയാണ് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചത്. അതിനിടെ, ഖിർവാറിനെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും മാറ്റി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
1994 ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഖിര്‍വാര്‍. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാളുമാണ് ഖിര്‍വാര്‍. പരിസ്ഥിതി വകുപ്പിന്റേയും സെക്രട്ടറി കൂടിയാണ് അദ്ദേഹം. ഡല്‍ഹി സര്‍ക്കാരിന്റെ കീഴില്‍ ലാന്‍ഡ് ആന്‍ ബില്‍ഡിങ് സെക്രട്ടറിയാണ് ദുഗ്ഗ.
Also Read: പ്രിൻസിപ്പൽ സെക്രട്ടറിക്ക് നായയുമായി നടക്കാൻ സ്റ്റേഡിയത്തിന് നേരത്തേ പൂട്ട്; ഇടപെട്ട് കെജ്‌രിവാൾ