ന്യൂഡൽഹി: ലോക് നായക് ആശുപത്രിയിൽ കോവിഡ് -19 ചികിത്സയിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. മനീഷ് സിസോദിയയുടെ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്. സെപ്റ്റംബർ 14നായിരുന്നു അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ കുറവും ഉള്ളതായി ഡോക്ടർമാർ അറിയിച്ചു
“അദ്ദേഹത്തെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയാണ്,” പ്രസ്താവനയിൽ പറയുന്നു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ലോക്നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. “ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ സ്ഥിരതയുണ്ടായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മാറ്റിയിരുന്നു,” ലോക് നായക് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു.
Read More: പനിയും ശ്വാസതടസ്സവും: കോവിഡ് ബാധിച്ച മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി
വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയോയിൽ ലോക് നായക് ആശുപത്രിയിലെ ഡോക്ടർമാരെയും സ്റ്റാഫുകളെയും സിസോദിയ പ്രശംസിക്കുന്നതായി കാണാം.
കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയുടെ മുഴുവൻ ഉദ്യോഗസ്ഥരും അശ്രാന്തമായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് കഴിഞ്ഞ 24 മണിക്കൂറായി ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്നാൽ ആവശ്യം വന്നാൽ, ലോക് നായക്കിലെ ടീം നിങ്ങളെ ഏറ്റവും മികച്ച രീതിയിൽ സേവിക്കാൻ തയ്യാറാണ്. ഇവിടുത്തെ സ്റ്റാഫ് രോഗികളെ വളരെ നന്നായി ചികിത്സിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു. ഇവിടുത്തെ എല്ലാ ആരോഗ്യ പ്രവർത്തകരെയും ഓർത്ത് അഭിമാനിക്കുന്നു,” സിസോദിയ പറഞ്ഞു.
48 കാരനായ സിസോദിക്ക് ഈ മാസം 14ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ആം ആദ്മി പാർട്ടി നേതാവായ അദ്ദേഹത്തിന് രോഗബാധയെത്തുടർന്ന് കഴിഞ്ഞയാഴ്ച നടന്ന ഡൽഹി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
സിസോദിയ തന്നെയായിരുന്നു തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. “എനിക്ക് നേരിയ പനി വന്നതിന് ശേഷം എന്റെ കോവിഡ് -19 പരിശോധന നടത്തി. റിപ്പോർട്ട് പോസിറ്റീവ് ആയി. ഞാൻ സ്വയം ഐസോലേഷനിലേക്ക് പോയി. ഇപ്പോൾ വരെ, എനിക്ക് പനിയോ മറ്റേതെങ്കിലും പ്രശ്നമോ ഇല്ല. എനിക്ക് സുഖമാണ്. നിങ്ങളുടെ അനുഗ്രഹത്താൽ ഞാൻ പൂർണമായി സുഖം പ്രാപിച്ച് ഉടൻ ജോലിയിലേക്ക് മടങ്ങും,” എന്നായിരുന്നു ഈ മാസം 14ന് സിസോദിയ ട്വീറ്റ് ചെയ്തത്.
ഡൽഹി മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം. നേരത്തെ, ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 17നായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, പനി, ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ജെയിനിനെ ഡൽഹിയിലെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ലഭിച്ചതോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു.
കൽക്കാജി എംഎൽഎ അതിഷി, ഡൽഹി സർക്കാർ ഉപദേഷ്ടാവ് അഭിനന്ദിത മാത്തൂർ, ആം ആദ്മി മീഡിയ പാനലിസ്റ്റ് അക്ഷയ് മറാത്തെ എന്നിവരും കോവിഡ് സ്ഥിരീകരിച്ചിരുന്നു.