ന്യൂഡൽഹി: തമിഴ്നാട് ജയിലിൽ കഴിയുന്ന കള്ളക്കടത്തുകാരൻ സുഭാഷ് കപൂർ കടത്തിയതിൽ 77 ഇന്ത്യൻ പുരാവസ്തുക്കളെങ്കിലുമുണ്ടെന്ന് രണ്ടാഴ്ചയ്ക്ക് മുൻപ് ഇന്ത്യൻ എക്‌സ്‌പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ പുരാവസ്തുക്കൾ ന്യൂയോർക്ക് ആസ്ഥാനമായുള്ള മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടി (മെറ്റ്) ലാണുള്ളത്. ഇപ്പോഴിതാ, മ്യൂസിയത്തിൽ ന്യൂയോർക്ക് സുപ്രീം കോടതി സെർച്ച് വാറണ്ട് പുറപ്പെടുവിച്ചതിനുപിന്നാലെ 15 ശില്പങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്.
സെർച്ച് വാറണ്ടിൽ ലിസ്റ്റുചെയ്തിട്ടുള്ള 15 പുരാവസ്തുക്കളിൽ 10 എണ്ണം ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തവയാണ്. മധ്യപ്രദേശിൽ നിന്നുള്ള 11-ാം നൂറ്റാണ്ടിലെ മണൽക്കല്ലിലെ സെലസ്റ്റിയൽ നർത്തകി (അപ്സര) (1 മില്യൺ ഡോളറിലധികം വിലയുള്ളത്), പശ്ചിമ ബംഗാളിൽ നിന്നുള്ള ബിസിഇ ഒന്നാം നൂറ്റാണ്ടിലെ യക്ഷി ടെറാക്കോട്ട എന്നിവ 15 ഇനങ്ങളിൽ ഉൾപ്പെടുന്നു.

മാർച്ച് 22 ന് ന്യൂയോർക്ക് സുപ്രീം കോടതി മെറ്റിനെതിരെ സെർച്ച് വാറണ്ട് പുറപ്പെടുവിച്ചതായി ജുഡീഷ്യൽ രേഖകൾ കാണിക്കുന്നു. പുരാവസ്തുക്കൾ പിടിച്ചെടുക്കാനും കാലതാമസം കൂടാതെ കോടതിയുടെ മുമ്പാകെ കൊണ്ടുവരാനും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിനോ അല്ലെങ്കിൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ ഏതെങ്കിലും ഏജന്റിനോ 10 ദിവസത്തെ സമയമാണ് ജസ്റ്റിസ് ഫെലിസിയ എ.മെനിൻ അനുവദിച്ചത്.
ഇന്ത്യയിൽ അനധികൃതമായി കടത്തിയതാണെന്ന് വ്യക്തമായതിനാൽ 15 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് മാർച്ച് 30 ന് മെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ ജയിലിൽ കഴിയുന്ന സുഭാഷ് കപൂറാണ് ഇവയെല്ലാം വിറ്റതെന്ന് അതിൽ പറയുന്നു. ഈ പുരാവസ്തുക്കളെല്ലാം ബിസിഇ ഒന്നാം നൂറ്റാണ്ട് മുതൽ സിഇ പതിനൊന്നാം നൂറ്റാണ്ട് വരെയുള്ളവയാണ്, കൂടാതെ ടെറാക്കോട്ട, ചെമ്പ്, കല്ല് എന്നിവ ഉൾപ്പെടുന്നുവെന്ന് മെറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
സെർച്ച് വാറണ്ടിൽ രേഖപ്പെടുത്തിയിട്ടുള്ള 15 ഇന്ത്യൻ പുരാവസ്തുക്കളുടെ മൂല്യം 1.201 മില്യൺ ഡോളർ (ഏകദേശം 9.87 കോടി രൂപ) ആണ്. ഈ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടതാണെന്നും മോഷ്ടിച്ച സ്വത്ത് കൈവശം വയ്ക്കൽ, കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയവ യുഎസ് ശിക്ഷാ നിയമപ്രകാരം കുറ്റകൃത്യങ്ങളുടെ തെളിവാണെന്നും സെർച്ച് വാറന്റിൽ പറയുന്നു.
ദി ഇന്ത്യൻ എക്സ്‌പ്രസും ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സും യുകെ ആസ്ഥാനമായ ഫിനാൻസ് അൺകവേഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിൽനിന്ന് കടത്തിയ പുരാവസ്തുക്കൾ ന്യൂയോർക്കിലെ മ്യൂസിയത്തിലുണ്ടെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് മാർച്ച് 14, 15 തീയതികളിൽ പ്രസിദ്ധീകരിച്ചിരുന്നു. 59 പെയിന്റിങ്ങുകളടക്കം 77 പുരാവസ്തുക്കളാണ് മെറ്റിന്റെ കൈവശമുള്ളതെന്നും ഇവയെല്ലാം കള്ളക്കടത്തുകാരൻ സുഭാഷ് കപൂറുമായി ബന്ധമുള്ളതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പുരാവസ്തു കടത്തുകേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട് തമിഴ്നാട്ടിലെ ത്രിച്ചി സെൻട്രൽ ജയിലിൽ കഴിയുകയാണ് സുഭാഷ് കപൂർ.