/indian-express-malayalam/media/media_files/uploads/2019/07/LULU.jpg)
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഇനി നിക്ഷേപം നടത്തില്ലെന്ന് വ്യാപാര പ്രമുഖന്‍ എം.എ. യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്. വിശാഖപട്ടണത്ത് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണു ലുലു ഗ്രൂപ്പിന്റെ തീരുമാനം.
വിശാഖപട്ടണത്ത് കടലിനഭിമുഖമായുള്ള ഹാര്‍ബര്‍ പാര്‍ക്കിനു സമീപം 13.83 ഏക്കര്‍ ഭൂമിയാണു യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിനു മുന്‍ തെലുങ്കുദേശം പാര്‍ട്ടി സര്‍ക്കാര്‍ അനുവദിച്ചത്. ഈ തീരുമാനം ഒക്ടോബര്‍ 30നാണു വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയത്. ലുലു ഗ്രൂപ്പുമായി മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാറും ജഗന്‍മോഹന്‍ സര്‍ക്കാര്‍ റദ്ദാക്കി. ഭൂമി അനുവദിച്ചത് അധാര്‍മികമായാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ആഡംബര ഹോട്ടല്‍, രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍, ഷോപ്പിങ് മാള്‍ എന്നിവ ഉള്‍പ്പെടെയുള്ളതാണു ലുലു ഗ്രൂപ്പിന്റെ വിശാഖപട്ടണത്തെ പദ്ധതി. ഫെബ്രുവരിയില്‍ പദ്ധതിക്കു തറക്കല്ലിട്ടിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ സുതാര്യമായ രീതിയിലാണു ഭൂമി അനുവദിച്ചതെന്നും ഇതു റദ്ദാക്കാനുള്ള പുതിയ സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നതായും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
''വളരെ സുതാര്യമായ ലേല പ്രക്രിയയില്‍ പങ്കെടുത്തതിലൂടെയാണു പദ്ധതിക്കായി ഞങ്ങള്‍ക്കു ഭൂമി പാട്ടത്തിനു ലഭിച്ചത്. രാജ്യാന്തര പ്രശസ്തരായ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതും ലോകോത്തര നിലവാരത്തിലുള്ള ആര്‍ക്കിടെക്റ്റുകളെക്കൊണ്ട് പദ്ധതി രൂപകല്‍പ്പന ചെയ്യിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രാരംഭ പദ്ധതി വികസന ചെലവുകള്‍ക്കായി ഞങ്ങള്‍ വലിയ തുക മുടക്കിയിട്ടുണ്ട്. എങ്കില്‍പ്പോലും പദ്ധതിക്കായി ഭൂമി അനുവദിച്ച നടപടി റദ്ദാക്കാനുള്ള ആന്ധ്രയിലെ പുതിയ സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആന്ധ്രപ്രദേശില്‍ പുതിയ പദ്ധതികള്‍ക്കു നിക്ഷേപം നടത്തേണ്ടെന്നാണു ഞങ്ങളുടെ തീരുമാനം,'' ലുലു ഗ്രൂപ്പ് ഇന്ത്യ ഡയരക്ടര്‍ അനന്ത് റാം പറഞ്ഞു.
''രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഷോപ്പിങ് മാള്‍, പഞ്ചനക്ഷത്ര ഹോട്ടല്‍ എന്നിവ നിര്‍മിക്കാന്‍ ആന്ധ്രയില്‍ 2,200 കോടി രൂപയുടെ നിക്ഷേപത്തിനാണു യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്. തദ്ദേശീയരായ 7000 യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതായിരുന്നു ഈ പദ്ധതികള്‍,''അനന്ത് റാം പറഞ്ഞു.
അതേസമയം, കേരള, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തുടരുമെന്ന് അനന്ത് റാം വ്യക്തമാക്കി.
ടിഡിപി സര്‍ക്കാര്‍ അധാര്‍മികമായാണു ലുലു ഗ്രൂപ്പിനു ഭൂമി അനുവദിച്ചതെന്ന് ആന്ധ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ മന്ത്രി പെര്‍ണി വെങ്കടരാമയ്യ പറഞ്ഞു.
''ആഗോള ടെന്‍ഡര്‍ വിളിക്കാതെയാണു ടിഡിപി സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. മുന്‍ മുഖ്യമന്ത്രിയുമായുള്ള ലുലു ഗ്രൂപ്പിന്റെ അടുപ്പമാണ് ഇതിനു കാരണം. ഭൂമി അനുവദിച്ച നടപടി കേന്ദ്ര-സംസ്ഥാന നിയമങ്ങളുടെ ലംഘനമാണ്. ഏക്കറിനു നാലു ലക്ഷം രൂപ നിരക്കിലാണു ഭൂമി അനുവദിച്ചത്. വിപണി മൂല്യം ഇതിനേക്കാള്‍ വളരെ ഉയര്‍ന്നതാണ്,'' മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.