ചെന്നൈ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് ബിജെപി. താടി വളർത്തിയ രൂപത്തിലുള്ള  ഒമറിന്റെ ഫോട്ടോ കണ്ടതിൽ നിരാശയുണ്ടെന്നു പറഞ്ഞ് അദ്ദേഹത്തിന് ഷേവിങ് സെറ്റ് അയച്ചുകൊടുത്തിരിക്കുകയാണു ബിജെപി തമിഴ്‌നാട് ഘടകം. ട്വിറ്ററിലൂടെയാണ് ബിജെപി ഇക്കാര്യം പരസ്യപ്പെടുത്തിയത്.

“പ്രിയ ഒമർ അബ്ദുല്ല, നിങ്ങളുടെ അഴിമതിക്കാരായ മിക്ക സുഹൃത്തുക്കളും പുറത്ത് ജീവിതം ആസ്വദിക്കുമ്പോൾ നിങ്ങളെ ഇതുപോലെ കാണുന്നത് വളരെ നിരാശാജനകമാണ്. ദയവായി ഞങ്ങളുടെ ആത്മാർഥമായ ഈ സംഭാവന സ്വീകരിക്കുക. ഇക്കാര്യത്തിൽ കൂടുതൽ സഹായത്തിനായി നിങ്ങളുടെ പങ്കാളിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കരുത്.” ആമസോണിൽനിന്ന് ഒമർ അബ്ദുല്ലയ്ക്ക് ഷേവിങ് സെറ്റ് ഓർഡർ ചെയ്തതിന്റെ റസീപ്റ്റ് സഹിതമാണ് ബിജെപിയുടെ പരിഹാസ ട്വീറ്റ്.

bjp tamilnadu

എന്നാൽ നിരവധി വിമർശനങ്ങളാണ് ഇതിന് താഴെ വന്നിരിക്കുന്നത്. വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ ബിജെപി ട്വീറ്റ് പിൻവലിച്ചു.

റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നൽകിയിരുന്നു. “പ്രിയ പ്രധാനമന്ത്രി, ഭരണഘടന ഉടൻ നിങ്ങളിലെത്തും. രാജ്യം വിഭജിക്കുന്ന തിരക്കിനിടയിൽ നിങ്ങൾക്ക് സമയം ലഭിക്കുമ്പോൾ, ദയവായി അത് വായിക്കുക. ആദരവോടെ, കോൺഗ്രസ്,” എന്നായിരുന്നു ട്വീറ്റ്.

Read More: ഇത് കശ്‌മീരിൽ തടങ്കലിൽ കഴിയുന്ന ഒമർ അബ്‌ദുല്ലയോ? സമൂഹമാധ്യമങ്ങളിൽ ചർച്ച

ഭരണഘടനയുടെ 370-ാം അനുച്ഛേദമാണോ അതോ റേസറാണോ ജമ്മു കശ്മീരിൽനിന്ന് നീക്കം ചെയ്തതെന്നായിരുന്നു ഒമറിന്റെ ചിത്രം കണ്ട ബിജെപി നേതാവ് ഗിരിരാജ് സിങിന്റെ പ്രതികരണം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നചിത്രം ഒമർ അബ്‌ദുല്ലയുടേതാണെന്നാണ് റിപ്പോർട്ടുകൾ. സമൂഹമാധ്യമങ്ങളിലും ഇതേക്കുറിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ളവർ ഒമർ അബ്‌ദുല്ലയുടേതെന്ന് തോന്നിക്കുന്ന ചിത്രം ട്വീറ്റ് ചെയ്‌തിരുന്നു. ഒമർ അബ്‌ദുല്ലയെ തനിക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് മമത ട്വീറ്റിൽ പറഞ്ഞത്. ഒമർ അബ്ദുല്ലയുടെ വൈറൽ ചിത്രം കണ്ട് താൻ ഏറെ അസ്വസ്ഥനാണ് എന്നായിരുന്നു ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ പറഞ്ഞത്.

ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ കേന്ദ്രം റദ്ദാക്കിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുല്ല, മറ്റൊരു മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹബൂബ മുഫ്തി എന്നിവരും കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ വീട്ടുതടങ്കലിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook