ഡെറാഡൂൺ: മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിനെത്തുടർന്ന് ഉത്തരാഖണ്ഡിലും വർഗീയ സംഘർഷം. ഗർഹ്‌വാൾ ജില്ലയിലെ സാത്പുലി ഗ്രാമത്തിലാണ് സംഘർഷം ഉടലെടുത്തത്. പ്രശസ്തമായ കേദാര്‍നാഥ് ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ 15 കാരനായ മുസ്‌ലിം വിദ്യാർഥി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.

അക്രമകാരികൾ നിരവധി കടകൾ അടിച്ചു തകർത്തതായും അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ്, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അടുത്തിടെ സമാനമായ സംഭവത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളിലും വന്‍സംഘര്‍ഷം ഉടലെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒരു വിദ്യാർഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബംഗാളിലെ ബാസിർഘട്ടിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പിന്നീട് ഇത് വർഗീയ സംഘർത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ഇപ്പോൾ അയവ് വന്നുവെങ്കിലും പൂർണമായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ