പനജി: ഗോവയില്‍ ബീച്ചുകളില്‍ മദ്യപാനം നിരോധിച്ചതിന് പിന്നാലെ നിര്‍ണായക ഇടപെടലുകളുമായി മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ചൂതാട്ടം നിരുത്സാഹപ്പെടുത്താനായി നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. 2019 ജനുവരി മുതല്‍ ചൂതാട്ടകേന്ദ്രങ്ങളില്‍ ഗോവന്‍ സ്വദേശികള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. ഗോവക്കാരെ കസിനോകളില്‍ നിന്നും പൂര്‍ണമായും നിരോധിക്കുമെന്ന് പരീക്കര്‍ വ്യക്തമാക്കി. ഗോവയിലെത്തുന്ന സഞ്ചാരികള്‍ ചൂതാട്ടം നടത്തുന്നതിലും നിയന്ത്രണങ്ങളും നിയമസംവിധാനവും കൊണ്ടുവരുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ഗോവയില്‍ ചൂതാട്ടം പ്രോത്സാഹിപ്പിച്ച് വിനോദസഞ്ചാര സാധ്യതയെ മലിനപ്പെടുത്തുകയാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ‘ഗോവക്കാരെ കസിനോകളില്‍ പ്രവേശിക്കുന്നത് പൂര്‍ണമായും വിലക്കും. ഗോവ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് മാത്രമാണ് ചൂതാട്ട കേന്ദ്രങ്ങളില്‍ പ്രവേശനം ഉണ്ടാവുക. കൂടാതെ സഞ്ചാരികളുടെ ചൂതാട്ടത്തിനും നിയമവ്യവസ്ഥകള്‍ നിര്‍ബന്ധമാക്കും. ഗെയിമിങ് കമ്മീഷണറെ നിയമിച്ച ശേഷം നിയമവ്യവസ്ഥകള്‍ ഉണ്ടാക്കിയതിന് ശേഷമാണ് ഇത് നിലവില്‍ വരിക’, പരീക്കര്‍ പറഞ്ഞു.

ഗോവയില്‍ വിനോദസഞ്ചാരത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ബീച്ച് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങളിലെ മദ്യപാനം നേരത്തെ തന്നെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഗോവയിലെ പ്രശസ്തമായ ബെറ്റാല്‍ബാറ്റിം ബീച്ചില്‍​ ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 20കാരിയായ വിനോദസഞ്ചാരി കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നായിരുന്നു നടപടി. വൈകുന്നേരത്തിന് ശേഷം ബീച്ചിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക പഞ്ചായത്ത് ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനമായത്.

22കാരനായ യുവാവിനൊപ്പം ഗോവയിലെത്തിയ 20കാരി മെയ് 25നാണ് ബീച്ചില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. തുടര്‍ന്ന് ഇവരെ പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. ഇരകളുടെ പരാതിയെ തുടര്‍ന്ന് 24 മണിക്കൂറിനകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന കാര്യത്തിലെ ബോധവത്കരണം ശക്തമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഒപ്പം ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook