ഷിംല: ഉത്തർപ്രദേശിലെ അലഹബാദിന്‍റെ പേര് മാറ്റി പ്രയാഗ്‍രാജ് എന്നാക്കി മാറ്റിയതിന് പിന്നാലെ സ്ഥലങ്ങളുടെ പേരുമാറ്റം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. ഹിമാചല്‍പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയുടെ പേരുമാറ്റാന്‍ സംസ്ഥാന ബിജെപി സർക്കാർ ഒരുക്കം തുടങ്ങി. “ശ്യാമള’ എന്ന പേര് നല്‍കാനാണ് നീക്കം. ‘ബ്രിട്ടീഷ് അടയാളങ്ങള്‍’ എടുത്ത് കളയണമെന്ന ഹിന്ദുത്വ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പേര് മാറ്റാന്‍ നീക്കം നടത്തുന്നത്.

ബ്രിട്ടീഷുകാരുടെ വരവിന് മുന്‍പ് ഷിംലയുടെ പേര് “ശ്യാമള’ എന്നായിരുന്നുവെന്നും പേരുമാറ്റത്തിനായി ജനഹിതം തേടുമെന്നും മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ദസറ ആഘോഷ ചടങ്ങുകള്‍ക്കിടെ പറഞ്ഞു. ഷിംലയുടെ പേര് മാറ്റിയാല്‍ യാതൊരു ദോഷവും ഉണ്ടാവില്ലെന്ന് ആരോഗ്യമന്ത്രി വിപിന്‍ പ്രാമാറും പറഞ്ഞു.
നേരത്തെ, 2006ല്‍ ഷിംലയുടെ പേരു മാറ്റാന്‍ വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്തര്‍ദേശിയ തലത്തില്‍ പേരു കേട്ട ഷിംലയുടെ പേര് മാറ്റാൻ സാധിക്കില്ലെന്ന നിലപാടായിരുന്നു അന്നത്തെ മുഖ്യമന്ത്രി വീരഭദ്ര സിംഗ് കൈകൊണ്ടത്.

ബ്രിട്ടീഷുകാർക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് “ശ്യാമള’ എന്ന പേര് “ഷിംല’യാക്കിയത്. കോളോണിയല്‍ കാലഘട്ടത്തിലെ പേരുകളാണ് ഇപ്പോഴും ഷിംലയില്‍ നിലനില്‍ക്കുന്നതെന്നും അവരിട്ട പേരുകള്‍ ഇനിയും നിലനിര്‍ത്തുന്നത് അവരോടുള്ള മാനസിക അടിമത്തമാണ് വ്യക്തമാക്കുന്നതെന്നും വിഎച്ച്പി സംസ്ഥാന പ്രസിഡന്‍റ് അമാന്‍ പുരി ചൂണ്ടികാട്ടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ