/indian-express-malayalam/media/media_files/2026/01/28/ajit-pawar-2026-01-28-17-58-26.jpg)
എക്സ്‌പ്രസ് ഫൊട്ടോ
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണ്ണായക സ്വാധീനമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തോടെ, അദ്ദേഹം കെട്ടിപ്പടുത്ത എൻസിപി (അജിത് പവാർ വിഭാഗം) ഒരു വലിയ രാഷ്ട്രീയ പ്രതിസന്ധികൂടിയാണ് അഭിമുഖീകരിക്കുക. സ്വന്തം വ്യക്തിപ്രഭാവത്തിലും എംഎൽഎമാരുടെ മേലുള്ള നിയന്ത്രണത്തിലും അജിത് പവാർ നയിച്ചിരുന്ന പാർട്ടിയിൽ ഇനി ആര് കടിഞ്ഞാൺ ഏന്തും എന്ന ചോദ്യം സജീവമായിക്കഴിഞ്ഞു. പാർട്ടിക്കുള്ളിൽ പ്രധാനമായും മൂന്ന് അധികാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. കുടുംബാംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ, പ്രാദേശിക നേതാക്കൾ.
അജിത് പവാറിന്റെ കുടുംബത്തിൽ നിന്നുള്ള ഏറ്റവും സ്വാഭാവികമായ പിൻഗാമി സാധ്യത ഭാര്യ സുനേത്ര പവാറിനാണ്. ദശാബ്ദങ്ങളായി ബാരാമതിയിലെ സാമൂഹിക-സംഘടനാ രംഗങ്ങളിൽ സജീവമായ അവർ നിലവിൽ രാജ്യസഭാ എംപിയാണ്. അജിത് പവാറിന്റെ അനുയായികൾക്കിടയിലുള്ള വൈകാരികമായ സ്വാധീനമാണ് സുനേത്രയുടെ പ്രധാന കരുത്ത്.
എന്നിരുന്നാലും, സുനേത്രയ്ക്കെതിരെ ഉയർന്നുവരാൻ സാധ്യതയുള്ള വിയോജിപ്പുകളിൽ പ്രധാനം, നിയമനിർമ്മാണത്തിലോ ഭരണപരമായോ പരിചയമില്ലാ എന്നതു തന്നെയാണ്. പാർട്ടിക്കുള്ളിൽ, സംഘടനയെ സ്വതന്ത്രമായി നയിക്കാൻ കഴിവുള്ള ഒരു നേതാവെന്നതിലുപരി, പവാർ എന്ന പേരിന്റെ പ്രതീകാത്മക സൂക്ഷിപ്പുകാരിയായാവും സുനേത്രയെ അണികൾ കാണുന്നത്.
പവാർ കുടുംബത്തിലെ മൂന്നാം തലമുറ നേതാവായി 2019-ൽ മകൻ പാർത്ഥിനെ അവതരിപ്പിച്ചിരുന്നു. എന്നാൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയും തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള പിൻമാറ്റവും പാർത്ഥിന് തിരിച്ചടിയായി. പാർട്ടി അണികൾക്കിടയിൽ വേരോട്ടമുണ്ടാക്കാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കുടുംബപ്പേര് അദ്ദേഹത്തെ രാഷ്ട്രീയമായി പ്രസക്തനാക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് വിജയത്തിന്റെ അഭാവം അടിയന്തര പിൻഗാമിയെക്കാൾ ദീർഘകാല സാധ്യതയാണ് നൽകുന്നത്.
Also Read: ശരദ് പവാറിന്റെ നിഴലിൽ നിന്ന് വഴിമാറി നടന്ന കരുത്തൻ; അജിത് പവാർ ഇനി ഓർമ്മ
അജിത് പവാറിന്റെ വിശ്വസ്തരായ മുതിർന്ന നേതാക്കളിൽ പ്രധാനി പ്രഫുൽ പട്ടേൽ ആണ്. എൻസിപിയുടെ ഏറ്റവും പരിചയസമ്പന്നനായ തന്ത്രജ്ഞനും പാർട്ടിയുടെ സ്ഥാപക വ്യക്തിത്വങ്ങളിൽ ഒരാളുമാണ് പ്രഫുൽ. ശരദ് പവാറിന്റെ കാലം മുതൽ ഡൽഹിയിലെ രാഷ്ട്രീയ നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിച്ചിരുന്ന നേതാവാണ് പ്രഫുൽ പട്ടേൽ. സഖ്യകക്ഷികളുമായുള്ള ചർച്ചകൾ നടത്തുന്നതിലും പാർട്ടി സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിലും അദ്ദേഹം വിദഗ്ധനാണ്. എന്നാൽ മഹാരാഷ്ട്രയിൽ ഒരു ജനകീയ അടിത്തറ ഇല്ലാത്തത് അദ്ദേഹത്തിന് വെല്ലുവിളിയാണ്.
സുനിൽ തട്കറെ. കൊങ്കൺ മേഖലയിൽ എൻസിപിക്ക് ശക്തമായ അടിത്തറയുണ്ടാക്കിയ നേതാവാണ് സുനിൽ തട്കറെ. ജില്ലാ തലത്തിലുള്ള സംഘടനാ സംവിധാനത്തിൽ വലിയ സ്വാധീനമുള്ള അദ്ദേഹം, സഹകരണ മേഖലയിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും കൊങ്കണിൽ എൻസിപിയുടെ ഏറ്റവും ശക്തമായ അടിത്തറ കെട്ടിപ്പടുത്തു. മന്ത്രിയെന്ന നിലയിൽ, ജലവിഭവം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ അജിത് പവാറിനെപ്പോലെ സംസ്ഥാന വ്യാപകമായ ഒരു സ്വീകാര്യത സുനിൽ തട്കറെയ്ക്ക് ഉണ്ടോ എന്നത് സംശയമാണ്.
മറ്റു പ്രധാന നേതാക്കൾ
ധനഞ്ജയ് മുണ്ടെ. അജിത് പവാർ പക്ഷത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണ് ധനഞ്ജയ് മുണ്ടെ. ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാവായ മുണ്ടെക്ക് ബീഡ് മേഖലയിൽ വലിയ സ്വാധീനമുണ്ട്. ഒബിസി പശ്ചാത്തലം, മറാത്ത വോട്ടർ അടിത്തറ കൂടുതലായി കാണപ്പെടുന്ന ഒരു പാർട്ടിയിൽ അദ്ദേഹത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്. എന്നാൽ ധനഞ്ജയ് മുണ്ടെയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കേസുകളും ഒരു തിരിച്ചടിയായേക്കാം.
Also Read: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തിൽ അന്തരിച്ചു
ഛഗൻ ഭുജ്ബൽ. മഹാരാഷ്ട്രയിലെ ഏറ്റവും മുതിർന്ന ഒബിസി നേതാക്കളിൽ ഒരാളായ ഭുജ്ബലിന് ശിവസേനയിലും പിന്നീട് എൻസിപിയിലും വേരുകൾ ഉണ്ട്. ഭരണപരിചയവും വടക്കൻ മഹാരാഷ്ട്രയിലെ ഒബിസി വോട്ട് ബാങ്കും അദ്ദേഹത്തിന്റെ കരുത്താണ്. ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും പൊതുമരാമത്ത്, ഭക്ഷ്യ, സിവിൽ സപ്ലൈസ് തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. എങ്കിലും പ്രായവും മുൻകാല വിവാദങ്ങളും കാരണം ഒരു ഏകപക്ഷീയ നേതൃത്വത്തിലേക്ക് അദ്ദേഹം വരാൻ സാധ്യത കുറവാണ്.
അജിത് പവാർ എന്ന 'ബ്രാൻഡ് ദാദ' രാഷ്ട്രീയത്തിന് അന്ത്യമാകുമ്പോൾ, ഈ നേതാക്കൾക്കിടയിലെ അധികാര വടംവലിയായിരിക്കും എൻസിപിയുടെ ഭാവി നിശ്ചയിക്കുക. ഒരു കൂട്ടായ നേതൃത്വത്തിലൂടെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനായിരിക്കും പ്രാഥമികമായ നീക്കങ്ങൾ നടക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Read More: അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us