അഹമ്മദാബാദ്: എ ബി വി പിയുടെ എതിർപ്പിനെ തുടർന്ന് അഹമ്മദാബാദ് സര്‍വകലാശാലയിൽ അദ്ധ്യാപക ജോലിയില്‍ പ്രവേശിക്കാനില്ലെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. സാഹചര്യങ്ങൾ തന്റെ നിയന്ത്രണത്തിലല്ലാത്തതിനാലാണ്  തീരുമാനമെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററിൽ കുറിച്ചു.

ഒക്ടോബര്‍ 16 നാണ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പ്രൊഫസറായും ഗാന്ധി വിന്റർ സ്കൂൾ ഡയറക്ടറായും രാമചന്ദ്ര ഗുഹയെ നിയമിച്ചുകൊണ്ട് അഹമ്മദാബാദ് യൂണിവേഴ്‌സിറ്റി ഉത്തരവിറക്കിയത്. എന്നാല്‍ യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിനെതിരെ ഒക്ടോബർ 19ന് എ ബി വി പി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

രാമചന്ദ്ര ഗുഹയുടെ നിയമനം റദ്ദ് ചെയ്യണമെന്ന് അവശ്യപ്പെട്ട് സർവ്വകലാശാല രജിസ്ട്രാര്‍ക്ക് എ ബി വി പി നേതൃത്വം നിവേദനം നല്‍കുകയും ചെയ്തു. തങ്ങൾക്ക് വേണ്ടത് ബുദ്ധിജീവികളെയാണെന്നും അല്ലാതെ അർബൻ നക്സൽ ആയി മാറിയേക്കാവുന്ന രാജ്യദ്രോഹികളെയല്ല എന്നുമുള്ള ഗുഹയുടെ തന്നെ പുസ്തകത്തിലെ വാചകം ചൂണ്ടികാട്ടിയാണ് പരാതി നൽകിയതെന്ന് എ.ബി.വി.പി നേതാവ് പ്രവീണ്‍ ദേശായി ഇന്ത്യൻ എക്സപ്രസ്സിനേട് വ്യക്തമാക്കി.

രാമചന്ദ്ര ഗുഹ രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന്റെ കൃതികളില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണുള്ളതെന്നും എ ബി വി പി ആരോപിച്ചു. ഗുഹയെ ഗുജറാത്തിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ ഇവിടെയും ഡൽഹിയിലെ ജെ.എന്‍.യുവിന് സമാനമായ ‘രാജ്യവിരുദ്ധവികാരം’ ഉടലെടുക്കുമെന്നും പ്രവീണ്‍ ദേശായി കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിലാണ് തൽക്കാലം ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന രാമചന്ദ്ര ഗുഹയുടെ തീരുമാനം. ‘തനിക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിൽ, അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ ജോലിയിൽ പ്രവേശിക്കുന്നില്ല. അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയ്ക്ക് ആശംസകള്‍.’- ഗുഹ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് തലവനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

അതേസമയം ജോലിയിൽ പ്രവേശിക്കണമെന്ന് അവശ്യപ്പെട്ട് അഹമ്മദാബാദ് സർവ്വകലാശാല അധികൃതർ രാമചന്ദ്ര ഗുഹയെ സമീപിച്ചു എന്നാണ് വിവരം. 2019 ഫെബ്രുവരി ഒന്നിന് രാമചന്ദ്ര ഗുഹ ജോലിയിൽ പ്രവേശിക്കുമെന്നും വാർത്തകകളുണ്ട്.

എന്നാൽ ഗുഹയുടെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ അറിയിച്ചു. ട്വീറ്റിലുള്ള കാര്യമെ അറിയൂവെന്നും വൈസ് ചാന്‍സലര്‍ നാട്ടിലെത്തിയതിനുശേഷമെ ഇത് സംബന്ധിച്ച് പ്രതികരിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook