അലഹബാദ്: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നവജാത ശിശുക്കളടക്കം ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോ.കഫീൽ ഖാന് ജാമ്യം. ബാബ രാഘവ് ദാസ് സ്മാരക ആശുപത്രിയിൽ നടന്ന ദുരന്തത്തിന് പിന്നാലെ ആശുപത്രിയിൽ ഓക്സിജൻ എത്തിക്കാൻ പ്രയത്നിച്ച ഡോ.കഫീൽ ഖാനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് പൊലീസ് കേസെടുത്തത്.
എട്ട് മാസമായി ആശുപത്രിയിൽ കഴിയുന്ന കഫീൽ ഖാൻ ഈയിടെ താൻ തെറ്റുകാരനല്ലെന്ന് വ്യക്തമാക്കി കത്തയച്ചിരുന്നു. ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് സ്മാരക ആശുപത്രിയിൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞുമരിച്ച സമയത്ത് പുറത്തുനിന്നും ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച കഫീൽ ഖാൻ, ഈ ദുരന്തത്തിനിടയിൽ ഹീറോയാകാൻ ശ്രമിച്ചെന്നാണ് ബിജെപി സർക്കാർ ആരോപിച്ചിരുന്നത്.
2017 ഓഗസ്റ്റിൽ ദുരന്തം വൻ വിവാദമായതിന് പിന്നാലെ നടന്ന പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഗോരഖ്‌പൂരിൽ നിന്നും ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടാം വാരം സംഭവം നടന്നതിന് പിന്നാലെയാണ് കഫീൽ ഖാൻ സ്വന്തം പണം ചെലവഴിച്ച് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചത്. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വാർത്ത നൽകിയതിന് പിന്നാലെയാണ് കഫീൽ ഖാൻ സ്വയം ഹീറോയാകാൻ ശ്രമിക്കുകയായിരുന്നുവെന്ന് സർക്കാർ തന്നെ കുറ്റപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് 2017 സെപ്റ്റംബർ രണ്ട് മുതൽ ജയിലിലാണ് മെഡിക്കൽ കോളജിലെ ഡോക്ടറായ കഫീൽ ഖാൻ. താനും
തടവിൽ കഴിയുന്ന മറ്റുളളവരും ഉന്നത തലത്തിലെ “ഭരണപരമായ വീഴ്ച”കളുടെ ബലിയാടുകളാണെന്ന് ഡോ.കഫീൽ ഖാൻ പറഞ്ഞിരുന്നു.
ജയിലിൽ നിന്നും കഫീൽ ഖാൻ ഏപ്രിൽ 18 ന് എഴുതിയ കത്ത്, ഖാന്റെ ഭാര്യ സബിസ്തയാണ് പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകർക്ക് നൽകിയത്. “ആ ദൗർഭാഗ്യകരമായ രാത്രിയിൽ എനിക്ക് വാട്സ്ആപ്പിൽ മെസേജ് ലഭിച്ച ഉടൻ തന്നെ ഒരു ഡോക്ടറെന്ന നിലയിലും അച്ഛനെന്ന നിലയിലും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും എനിക്ക് ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടതുമായ എല്ലാം ചെയ്തു.” ലിക്വിഡ് ഓക്സിജൻ നിർത്തലാക്കിയത് മൂലം അപകടത്തിലായ ഓരോ ജീവനും രക്ഷിക്കാൻ പരിശ്രമിച്ചുവെന്നാണ് അദ്ദേഹം കത്തിൽ വെളിപ്പെടുത്തിയത്.