ന്യൂഡല്‍ഹി: അരുണാചൽ പ്രദേശില്‍ വിവാദമായ സായുധ സേനാ പ്രത്യേക അധികാര നിയമം (അഫ്സ്പ) ഭാഗികമായി പിന്‍വലിച്ചു. അഫ്സ്പ ചുമത്തി 32 വര്‍ഷത്തിന് ശേഷമാണ് നടപടി. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിയൊരുക്കിയ അഫ്സ്പ അഥവാ സായുധ സേനക്ക് പ്രത്യേക അധികാരം നല്കുന്ന നിയമം ഭേദഗതി ചെയ്യുമെന്ന് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ഒമ്പത് ജില്ലകളുളള അരുണാചലിലെ മൂന്ന് ജില്ലകളില്‍ നിന്നാണ് അഫ്സ്പ പിന്‍വലിച്ചത്. എന്നാല്‍ മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ അഫ്സ്പ തുടരും. വെസ്റ്റ് കാമെങ് ജില്ലയിലെ ബലേമു, ബാലുക്പോങ് പൊലീസ് സ്റ്റേഷന് പരിധി, ഈസ്റ്റ് കാമെങ് ജില്ലയിലെ സൈജോസ പൊലീസ് സ്റ്റേഷന് പരിധി, പാപ്പുംപാരെ ജില്ലയിലെ ബലിജാന്‍ പൊലീസ് സ്റ്റേഷന് പരിധി എന്നിവിടങ്ങളിലാണ് അഫ്സ്പ പിന്‍വലിച്ചത്.
സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവഴേ്സ് ആക്ട്) പുനഃപരിശോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നത്. സൈനികര്‍ക്ക് അധികാരമുള്ളപ്പോള്‍ തന്നെ പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
കശ്മീര്‍, നാഗാലാൻഡ്, മണിപ്പൂര്‍, തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിലവിലുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണിതെന്ന് സൈന്യം പറയുന്നു. മൂന്ന് മാസത്തേക്കാണ് നിയമം പ്രഖ്യാപിക്കുക. ആവശ്യമെങ്കില്‍ സമയ പരിധി വര്‍ധിപ്പിക്കുകയാണ് ചെയ്യുക.