ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സായുധസേനയ്ക്ക് നൽകിയിരുന്ന പ്രത്യേക​അധികാര നിയമം കേന്ദ്രം പിൻവലിക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ നിയമം ഭാഗികമായി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും നിലവിലെ സ്ഥിതി വിലയിരുത്താനുള്ള നിർദ്ദേശം കേന്ദ്രത്തിൽ നിന്ന് കൈമാറിയിട്ടുണ്ട്.

സൈനിക മേധാവികളോട് കൂടി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വിവരം നൽകി. അസം സംസ്ഥാനം മുഴുവൻ കഴിഞ്ഞ 27 വർഷമായി സൈന്യത്തിന്റെ പ്രത്യേക അധികാര നിയന്ത്രണ പരിധിയിലാണ്. അതേ സമയം മൂന്ന് ജില്ലകളും 16 പൊലീസ് സ്റ്റേഷൻ പരിധികളുമാണ് നിയമത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നത്.

“രണ്ട് സംസ്ഥാനങ്ങളിലും ജനങ്ങളുടെ സ്വാഭാവിക ജീവിതം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കലാപ കലുഷിതമായിരുന്ന അന്തരീക്ഷത്തിൽ ഇപ്പോൾ നല്ല പുരോഗതി കാണാനുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ദീർഘകാലമായി കലാപ സമാനമായ സാഹചര്യം സൃഷ്ടിച്ച യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് സർക്കാരുമായി സമാധാന ചർച്ചയിലാണ്” ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭാഗികമായി നിയമം എടുത്തുമാറ്റും മുൻപ് ഈ വിഷയത്തിൽ ഒരു വിലയിരുത്തൽ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ആറ് മാസത്തെ കാലയളവിലേക്കാണ് പ്രത്യേക അധികാര നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിക്കാറുള്ളത്. അടുത്ത കാലത്ത് ഈ കാലാവധി മൂന്ന് മാസമായി കുറച്ചിരുന്നു. “ചിലയിടങ്ങളിൽ നിന്ന് ഈ നിയമം പൂർണ്ണമായും പിൻവലിക്കാനാകുമോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇപ്പോൾ ആസാമിനെയും അരുണാചലിനെയും മാത്രമാണ് ലക്ഷ്യമിടുന്നത്. സമീപഭാവിയിൽ തന്നെ മണിപ്പൂരിലെ കാര്യങ്ങളിലും തീരുമാനമാകും”, എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓഗസ്റ്റ് എട്ട് വരെയാണ് ഇപ്പോൾ അസമിലും അരുണാചലിലും പ്രത്യേക അധികാര നിയമം പ്രാബല്യത്തിലുള്ളത്. അതേസമയം മ്യാന്മാർ അതിർത്തിയിലുള്ള മൂന്ന് അരുണാചൽ പ്രദേശ് ജില്ലകളിൽ നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് പ്രവർത്തകർ അക്രമം നടത്തുന്നുണ്ട്. മ്യാന്മാറിലേക്ക് കടക്കാനാണ് ഇവരിപ്പോൾ ശ്രമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ